തിരുവനന്തപുരം: ഏത് നിറത്തിലും L ബോർഡ് വച്ച് ഡ്രൈവിംഗ് പരിശീലനം നടത്തുന്ന വാഹനങ്ങൾ നിരത്തുകളിൽ വൈകാതെ കാണാക്കാഴ്ചയാകും. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് യൂണിഫോം കളർ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിറം നിശ്ചയിച്ചു. മോട്ടോർ സൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂൾ വാഹനങ്ങൾക്ക് ആംബർ മഞ്ഞ (Amber Yellow) നിറമാണ് തീരുമാനിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ പ്രതീകാത്മക ചിത്രം സഹിതമാണ് എംവിഡി സമൂഹമാദ്ധ്യമങ്ങളിലൂടെ പുതിയ പരിഷ്‌കാരം പൊതുജനങ്ങളെ അറിയിച്ചത്.
വാഹനത്തിന്റെ മുൻപിലും പിറകിലും (ബംപർ ഉൾപ്പെടെ) മുൻപിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും ആംബർ മഞ്ഞ കളർ നിർബന്ധമാണ്. ഒക്ടോബർ ഒന്നാം തീയതി മുതൽ തീരുമാനം നടപ്പിലാക്കാനാണ് നിർദ്ദേശം.
തിരക്കേറിയ നിരത്തിൽ ഡ്രൈവിംഗ് പരിശീലനം നൽകുന്ന വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാനും, പരിചയ കുറവുള്ള ഡ്രൈവർ പരിശീലാനാർത്ഥി ആയതിനാൽ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.
ഡ്രൈവിംഗ് പരിശീലന മേഖലയിൽ സമീപകാലത്ത് വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധങ്ങളും പരാതികളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഏകീകൃത കളർ കോഡും നിർബന്ധമാക്കുന്നത്.















