തൃശൂർ: ഹേമ കമ്മീഷൻ റിപ്പോർട്ട് ഇത്രയും കാലം പുറത്തു വിടാതെ മൂടിവച്ചത് വേട്ടക്കാരുടെ സ്വാധീനവലയിൽ തന്നെയാണ് സംസ്ഥാന സർക്കാരുമെന്നതിന്റെ തെളിവാണെന്ന് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. കേരളത്തിൽ അത്യന്തം ഗുരുതരമായ സ്ത്രീപീഡക മാഫിയാ സ്വാധീനമുണ്ടെന്ന് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുകയാണെന്നും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ഇരകളെ കുറിച്ചും സാക്ഷികളെ കുറിച്ചും മറച്ചു വെക്കേണ്ട ഉത്തരവാദിത്വം നിയമപരമായി എല്ലാവർക്കുമുണ്ട്. പക്ഷെ വേട്ടക്കാർക്ക് സംരക്ഷണം നൽകാൻ എന്ത് ബാധ്യതയാണ് സർക്കാരിന്നുള്ളതെന്ന് വ്യക്തമാക്കണം. സ്ത്രീ വിരുദ്ധ സാഹചര്യങ്ങളെ കുറിച്ചുള്ള സംശയങ്ങൾ ഉണ്ടായാൽ പോലും കർശന നിലപാടുകൾ സ്വീകരിക്കേണ്ടവരാണ് ഭരണാധികാരികൾ എന്ന കാര്യം അവർ മറന്നുപോയത് ഗുരുതര കൃത്യവിലോപമാണ്. അതുകൊണ്ട് തന്നെ സർക്കാർ സ്ത്രീ സമൂഹത്തോട് മാപ്പ് പറയണം.
വേട്ടക്കാർക്കെതിരെ നടപടി ഇല്ലെങ്കിൽ ജനങ്ങൾ അവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയിലേക്ക് പോകുമെന്നും അഡ്വ. നിവേദിത പറഞ്ഞു.















