തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തിരുവനന്തപുരത്ത് പരിശീലനം ആരംഭിച്ചു. ഈ മാസം 22 ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ടീം അംഗങ്ങള്‍ കെ.സി.എയുടെ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്നലെ മുതല്‍ പരിശീലനം തുടങ്ങിയത്. മുഖ്യ പരിശീലകന്‍ സെബാസ്റ്റ്യന്‍ ആന്റണിയുടെ കീഴിലാണ് പരിശീലനം. ക്യാപ്റ്റനും പേസ് ബൗളറുമായ ബേസില്‍ തമ്പി, മനു കൃഷ്ണന്‍, സിജോമോന്‍ തുടങ്ങിയ ടീമിലെ സീനിയര്‍ താരങ്ങളും ഇന്നലെ നെറ്റ് പരിശീലനത്തിനിറങ്ങി. കേരള ക്രിക്കറ്റ് ലീഗ് സെപ്റ്റംബർ രണ്ടിനാണ് ആരംഭിക്കുന്നത്.
ടീം അംഗങ്ങള്‍ എല്ലാവരും മികച്ച പെര്‍ഫോമന്‍സാണ് കാഴ്‌ച്ച വെച്ചതെന്നും തിങ്കളാഴ്‌ച്ച കളിക്കാര്‍ രണ്ട് ടീമായി തിരിഞ്ഞുകൊണ്ട് സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്നും കോച്ച് സെബാസ്റ്റിയന്‍ ആന്റണി പറഞ്ഞു. മത്സരത്തിനിറങ്ങുന്നതിന് മുമ്പ് മികച്ച പരിശീലനമാണ് മാനേജ്‌മെന്റ് ഓരോ കളിക്കാര്‍ക്കും ഉറപ്പുവരുത്തിയിരിക്കുന്നതെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞു. ബൗളിങ് പരിശീലകന്‍ എസ്. അനീഷ്, ഫിസിയോ തെറാപ്പിസ്റ്റ് സമീഷ് എ.ആര്‍, ട്രെയിനര്‍ ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, അസിസ്റ്റന്റ് കോച്ച് സി.എം ദീപക്, കോര്‍ഡിനേറ്റര്‍ വിശ്വജിത്ത് എന്നിവരും കളിക്കാര്‍ക്കൊപ്പമുണ്ട്.















