തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണില്‍ ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെ വരുണ്‍ നയനാര്‍ നയിക്കും. ടീമിന്റെ വിക്കറ്റ് കീപ്പറും പ്രധാന ബാറ്റര്‍മാരില്‍ ഒരാളുമാണ് വരുണ്‍.താരലേലത്തില്‍ 7.2 ലക്ഷം രൂപയ്‌ക്കായിരുന്നു ഫിനെസ് ഗ്രൂപ്പ് ഡയറക്ടര്‍ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ് വരുണിനെ കരസ്ഥമാക്കിയത്.
വരുണിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹത്തെ പോലുള്ള യുവതാരത്തിന് ക്യാപ്റ്റന്റെ ചുമതല നല്‍കുന്നതിലൂടെ മികച്ച നേതൃത്വപാടവമുള്ളവരെ കേരളത്തില്‍ നിന്ന് വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്നും ടീം ഉടമ സജ്ജാദ് പറഞ്ഞു.
തിരുവനന്തപുരത്തെത്തിയ ടീം തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ട്, കെ.സി.എയുടെ മംഗലപുരം ഗ്രൗണ്ട് എന്നിവടങ്ങളിലായി പരിശീലനം നടത്തി വരികയാണ്. മുഖ്യ പരിശീലകന്‍ സുനില്‍ ഒയാസിസിന്റെ നേതൃത്വത്തിലാണ് പരിശീലനം. കഴിഞ്ഞ ദിവസം മുന്‍ രഞ്ജി താരം ഷാഹിദ് സി.പിയെ ബൗളിംഗ് കോച്ചായി ടീം മാനേജ്‌മെന്റ് നിയമിച്ചിരുന്നു.















