ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2023-25) ഫൈനൽ വേദി പ്രഖ്യാപിച്ച് ഐസിസി. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലാണ് ഇത്തവണ ഫൈനലിന് കളമൊരുങ്ങുക. 2025 ജൂൺ 11 മുതൽ 15 വരെയാണ് മത്സരം. ആവശ്യമെങ്കിൽ ഒരു ദിവസം റിസർവ് ഡേ അനുവദിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ഇത് മൂന്നാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
സൗത്താംപ്ടണിൽ 2019-21 സീസണിൽ നടന്ന ഫൈനലിൽ ഇന്ത്യയെ വീഴ്‌ത്തി ന്യൂസിലൻഡ് ചാമ്പ്യന്മാരായിരുന്നു. തൊട്ടടുത്ത സീസണിലും (2021-23) ഫൈനലിലെത്തിയ ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തവണ പാറ്റ് കമ്മിൻസ് നയിച്ച ഓസ്ട്രേലിയ ആണ് ചാമ്പ്യൻഷിപ്പ് നേടിയത്. 209 റൺസിനായിരുന്നു തോൽപ്പിച്ചത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ നിലവിൽ ഇന്ത്യയാണ് തലപ്പത്ത്. 9 മത്സരങ്ങളിൽ ആറു വിജയമുണ്ട് ഇന്ത്യക്ക്. 12 മത്സരങ്ങളിൽ നിന്ന് എട്ടു വിജയം നേടിയ ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് കങ്കാരുക്കൾ രണ്ടാമതാവാൻ കാരണം.