തിരുവനന്തപുരം: ഓണ സമ്മാനമായി സബ്സിഡി സാധനങ്ങളുടെ വില കൂട്ടി സപ്ലൈകോ. അരി,പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് കൂട്ടിയത്. ഓണച്ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിർവഹിക്കാനിരിക്കേയാണ് സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന സർക്കാരിന്റെ തീരുമാനം.
പഞ്ചാസാര കിലോഗ്രാമിന് 27 രൂപയിൽ നിന്ന് 33 രൂപയായും മട്ടയരിക്ക് 30-ൽ നിന്ന് 33 രൂപയുമാകും. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയായും ഉയർന്നിട്ടുണ്ട്. ചെറുപയറിന്റെ വിലയിൽ മാത്രമാണ് അൽപം ആശ്വാസം, രണ്ട് രൂപ കുറഞ്ഞു.
സപ്ലൈക്കോയിലെ വില വർദ്ധനവിൽ ഭക്ഷ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പർച്ചേസ് വില കൂട്ടിയതിനാലാണ് വില കൂട്ടിയതെന്നാണ് വിശദീകരണം. നാല് അഞ്ച് മാസം കൂടുമ്പോൾ ചെറിയ ചില ക്രമീകരണങ്ങൾ വിലയിൽ ഏർപ്പെടുത്തുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. സപ്ലൈകോ നിലനിർത്തുകയാണ് പരമ പ്രധാനമായ കാര്യം. ഇപ്പോഴും പൊതുവിപണിയെക്കാൾ സപ്ലൈക്കോയിലെ വില 30 ശതമാനം കുറവെന്നും മന്ത്രി പറഞ്ഞു. ചെറുപയറിനും വെളിച്ചെണ്ണയ്‌ക്കും വില കുറച്ചെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു.