ലോകത്ത് വിവിധയിനം ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരേസമയം അതിശയവും ഭയവും തോന്നുന്ന ചിലന്തി വർഗ്ഗമാണ് തെരാഫോസിഡേ കുടുംബത്തിലെ വലുതും രോമമുള്ളതുമായ ടറന്റുല. പട്ടുപോലെ മൃദുവായ ശരീരാവരണവും നീളമേറിയ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. ഇതിൽ തന്നെ ഏറ്റവും സൗന്ദര്യമുള്ള ചിലന്തി ഏതെന്ന് അറിയുമോ!. അതാണ്, മെറ്റാലിക് ബ്ലൂ ടരാൻ്റുല എന്നും അറിയപ്പെടുന്ന ഗൂട്ടി ടരാൻ്റുല പോസിലോതെറിയ മെറ്റാലിക്ക. തിളക്കമുള്ള നീല നിറമാണ് ഈ ചിലന്തിക്ക്. നീല നിറത്തിലുള്ള ശരീരത്തിൽ ചെറിയ വെള്ള വരകളും കാണുന്നു.
1899-ൽ ആന്ധ്രാപ്രദേശിലാണ് ഗൂട്ടി ടരാൻ്റുലയെ ആദ്യമായി കണ്ടെത്തുന്നത്. ആന്ധ്രപ്രദേശിലെ ഒരു പട്ടണത്തിന്റെ പേര് തന്നെയാണ് ചിലന്തിക്കും നൽകിയിരിക്കുന്നത്. ഗൂട്ടിയിലെ ഒരു റെയിൽവേ തടി യാർഡിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. അന്ന് കണ്ടെത്തിയതിൽ പിന്നെ മെറ്റാലിക് ബ്ലൂ ടരാൻ്റുലയെ ആ പ്രദേശങ്ങളിൽ ഒരിക്കലും കണ്ടെത്തിയിട്ടില്ല. 2001-വരെ ഇതിനെ പിന്നീട് എവിടെയും കണ്ടെത്തിയിട്ടില്ല. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നായി IUCN ഗൂട്ടി ടരാൻ്റുലയെ ഉൾപ്പെടുത്തിയിരിക്കുന്നു.
വലിപ്പമുള്ള ചിലന്തിയാണ് ഗൂട്ടി ടരാന്റുല. പ്രായപൂർത്തിയായ പെൺ ചിലന്തിക്ക് 6-8 ഇഞ്ച് നീളമുള്ള കാലുകൾ ഉണ്ടാകും. പുരുഷന്മാർക്ക് അൽപ്പം ചെറുതായിരിക്കും. നീളമുള്ള കാലുകളുള്ള മറ്റ് ടരാൻ്റുലകളെ അപേക്ഷിച്ച് ഇവയുടെ ശരീരം ദീർഘചതുരമാണ്. സെൽ ഫോണിൽ അവയെ വച്ച് നോക്കിയാൽ ഇവയുടെ കാലുകൾ വശങ്ങളിൽ തൂങ്ങിക്കിടക്കും.8 കാലുകൾ കൂടാതെ പെഡിപാൽപ്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം അനുബന്ധങ്ങളുമുണ്ട് ഇവയ്‌ക്ക്. ഇരയെ പിടിക്കാൻ സഹായിക്കാനും ഫീലർ ആയും ഇവ ഉപയോഗിക്കുന്നു. ഇണചേരൽ സമയത്ത് പുരുഷന്മാർ ഇത് ഉപയോഗിക്കുന്നു.
വളരെ വേഗതയേറിയ ചിലന്തിയാണ് ഗൂട്ടി ടരാന്റുല. വനപ്രദേശങ്ങളിലെ മരങ്ങളിലാണ് ഇവ വസിക്കുന്നത്. വീട്ടിൽ വളർത്താനും ഈ അപൂർവയിനം ചിലന്തിയെ ആൾക്കാർ വാങ്ങാറുണ്ട്. പെൺ ചിലന്തികൾ സാധാരണയായി 11 മുതൽ 12 വർഷം വരെ ജീവിക്കുന്നു. അപൂർവ സന്ദർഭങ്ങളിൽ, 15 വർഷം വരെ. പുരുഷന്മാർ 3 മുതൽ 4 വർഷം വരെ ജീവിക്കുന്നു.
ഗൂട്ടി ടരാന്റുലയുടെ കടിയേറ്റ് മനുഷ്യമരണങ്ങൾ ഒന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വീര്യമേറിയ വിഷമുള്ള ചിലന്തിയാണ് ഇവ. കടിയേറ്റാൽ കഠിനമായ വേദനയ്‌ക്ക് കാരണമാകും. ഈ ജനുസ്സിലെ മറ്റ് ചിലന്തികളുടെ കടിയേറ്റവരിൽ നിന്നുള്ള പഠനം ഇത് സൂചിപ്പിക്കുന്നു. മുതിർന്ന ചിലന്തിയുടെ പല്ലുകൾ ഏകദേശം 3/4 ഇഞ്ച് നീളത്തിൽ തുളഞ്ഞു കയറും. വിഷം ഉള്ളിൽ ചെന്നാൽ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും, വിയർക്കും, തലവേദന, ശരീര വേദന, മലബന്ധം, വീക്കം എന്നിവ അനുഭവപ്പെടും. ശക്തമായ കടിയാണ് ഏറ്റതെങ്കിൽ മാസങ്ങൾക്കുശേഷവും ഫലങ്ങൾ അനുഭവപ്പെടാം.