ജോധ്പൂർ: ചരിത്രം കുറിച്ച് ഭാരതത്തിന്റെ പ്രതിരോധ സേന. തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ തേജസ് യുദ്ധവിമാനത്തിൽ പറന്ന് കര, നാവിക, വ്യോമസേന ഉപമേധാവിമാർ. വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് (വിസിഎഎസ്) എയർ മാർഷൽ എ.പി സിംഗായിരുന്നു പൈലറ്റ്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സൈനിക മേധാവികൾ തേജസ് വിമാനത്തിൽ പറന്നത്.
ആർമി സ്റ്റാഫ് വൈസ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി, നാവികസേനയുടെ വൈസ് ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. സുരക്ഷാ ഭീഷണികളെ ചെറുക്കാൻ ഇന്ത്യയുടെ സായുധ സേനയെ എങ്ങനെ സംയുക്തമായി പ്രവർത്തിപ്പിക്കാമെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ചരിത്ര പറക്കൽ. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമാണ വൈദഗ്ധ്യത്തിന്റെ തെളിവുകൂടിയാണിത്.
ഇന്ത്യൻ വ്യേമസേനയുടെ തരംഗ് ശക്തി 2024 അഭ്യാസത്തിന്റെ ഭാഗമായിരുന്നു പറക്കൽ. ഇന്ത്യയിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര സൈനികാഭ്യസമാണ് ഇത്. വിദേശരാജ്യങ്ങളുമായി പ്രവർത്തനക്ഷമതയും സഹകരണവും മെച്ചപ്പെടുത്തുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സൗകര്യങ്ങളെ നവീകരിക്കുന്നതിൽ തദ്ദേശീയ പ്ലാറ്റ്ഫോമുകൾ വഹിക്കുന്ന പങ്കിനെ അടിവരയിടാനും തേജസ് യുദ്ധവിമാനത്തിനായി.
മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസി (എഡിഎ) വികസിപ്പിച്ച്, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച യുദ്ധവിമാനമാണ് തേജസ്. പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ മുഖമാണ് തേജസ്.















