സിയോൾ: ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ 76ാം സ്ഥാപക വാർഷിക ദിനം ആചരിച്ചത്. ഇതിന് പിന്നാലെയാണ് നീക്കം. അമേരിക്കയുടേയും ജപ്പാന്റേയും ഉന്നത ഉദ്യോഗസ്ഥരുമായി ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചുവെന്നും, കൂടുതൽ വിക്ഷേപണങ്ങൾ നടന്നേക്കാമെന്ന സൂചന ലഭിച്ചതിനാൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതായി സിയോളിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.
ജപ്പാൻ പ്രതിരോധ മന്ത്രാലയവും ഈ മിസൈൽ വിക്ഷേപണം നടന്നുവെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയ്‌ക്കും ജപ്പാൻ ജാഗ്രതാ നിർദേശം നൽകി. ജൂലൈ ഒന്നിന് ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസെൽ പരീക്ഷണം നടത്തുന്നത്. രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.
അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു. യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.
ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണ കൊറിയയോട് ചേർന്നുള്ള അതിർത്തി മേഖലകളിൽ 250 ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ വിന്യസിച്ചതായി ഉത്തരകൊറിയ അറിയിച്ചിരുന്നു. ഇതിന് പുറമെ തങ്ങൾക്കെതിരെ ദക്ഷിണ കൊറിയ അപവാദ പ്രചരണം നടത്തുകയാണെന്ന് കാണിച്ച് ദക്ഷിണ കൊറിയയിലേക്ക് ഉത്തരകൊറിയ മാലിന്യ ബലൂണുകൾ പറത്തിവിടുന്നതും പതിവായിരിക്കുകയാണ്. അടുത്തിടെ റഷ്യയുമായും ചൈനയുമായുമുള്ള ബന്ധം ഉത്തരകൊറിയ ശക്തിപ്പെടുത്തിയിരുന്നു. സൈനിക മേഖലയിലുൾപ്പെടെ സഹകരണം ശക്തമാക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.