ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് 4,000 കിലോ വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യാൻ അജ്മീർ ഷരീഫ് ദർഗ. സെപ്റ്റംബർ 17 നാണ് ജാതിമത ഭേദമന്യേ ഗുരുദ്വാരയായിൽ പൊതുജനങ്ങൾക്കായി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്. അന്നേദിവസം പ്രധാനമന്ത്രിയുടെ ദീർഘായുസിനായുള്ള പ്രത്യേക പ്രാർത്ഥനകളും നടക്കുമെന്ന് ദർഗ അധികാരികൾ അറിയിച്ചു.
ചരിത്രപരവും ലോക പ്രശസ്തവുമായ ‘ദേഗി’ലാണ് വെജിറ്റേറിയൻ ഭക്ഷണം പാകം ചെയ്യുന്നത്. ലോകത്തിലെ തന്നെ വലിപ്പമേറിയ ഭക്ഷണം പാകം ചെയ്യുന്ന പാത്രമാണ് അജ്മീർ ഷരീഫ് ദർഗയിലുള്ള ദേഗ്. ഇന്ത്യൻ മൈനോറിറ്റി ഫൗണ്ടേഷനും അജ്മീർ ഷെരീഫിലെ ചിഷ്തി ഫൗണ്ടേഷനും ചേർന്നാണ് അന്നദാനമടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.
ദർഗയ്‌ക്കുള്ളിൽ രാത്രി 10:30 ന് ദേഗിൽ ദീപം തെളിയിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. പാകം ചെയ്ത വെജിറ്റേറിയൻ ഭക്ഷണം രാവിലെ ജനങ്ങൾക്ക് വിതരണം ചെയ്യും. സന്നദ്ധപ്രവർത്തകരും ദർഗ അധികാരികളും ചേർന്ന് ദർഗയിലെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കും പൊതുജനങ്ങൾക്കും ഭക്ഷണം വിതരണം ചെയ്യും.