ബെംഗളൂരു: ജിആർ ഫാം ഹൗസ് റേവ് പാർട്ടി മയക്കുമരുന്ന് കേസിൽ ടോളിവുഡ് നടി ഹേമയെ പ്രതിചേർത്ത് ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇലക്ട്രോണിക് സിറ്റിയ്‌ക്ക് സമീപത്തുള്ള ഫാം ഹൗസിൽ സംഘടിപ്പിച്ച റേവ് പാർട്ടിക്കിടെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിനെ തുടർന്നാണ് കൃഷ്ണവേണി എന്നറിയപ്പെടുന്ന ടോളിവുഡ് നടി ഹേമ പിടിയിലായത്.
മേയ് 15-ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) റിപ്പോർട്ട് അവരുടെ ശരീരത്തിൽ എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് തിങ്കളാഴ്ച സിസിബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അവരെ ഉൾപ്പെടുത്തി.
കുറ്റപത്രത്തിൽ ഹേമ ഉൾപ്പെടെ 88 പേരെ പ്രതി സ്ഥാനത്ത് നിർത്തുന്നുണ്ട്. മയക്കുമരുന്ന് പരിശോധനയിൽ നെഗറ്റീവ് ആയ മറ്റൊരു ടോളിവുഡ് നടൻ ആഷി റോയിയെ സാക്ഷിയായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഹേമ ആദ്യം തന്റെ പങ്കാളിത്തം നിഷേധിച്ചു, റെയ്ഡ് സമയത്ത് താൻ ഹൈദരാബാദിൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവിട്ടു. എന്നാൽ മയക്കുമരുന്ന് കഴിച്ചതായി ഉറപ്പിക്കുന്ന മെഡിക്കൽ പരിശോധനാ ഫലത്തെ തുടർന്ന് അറസ്റ്റിലായ അവർ ഇപ്പോൾ ജാമ്യത്തിലാണ്.
ഇവൻ്റ് മാനേജരായ എൽ വാസു തന്റെ ജന്മദിനാഘോഷത്തിന്റെയും ഇവൻ്റ് മാനേജ്‌മെൻ്റ് കമ്പനിയുടെ വാർഷികത്തിന്റെയും ഭാഗമായി സിങ്കേന അഗ്രഹാരയിലെ ജിആർ ഫാമിൽ സംഘടിപ്പിച്ച പാർട്ടിയാണ് സംഭവത്തിനാധാരം. സംഘാടകനായ വാസുവിന്റെ സുഹൃത്തായാണ് ഹേമ പാർട്ടിയിൽ പങ്കെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി.
1,086 പേജുകളുള്ള കുറ്റപത്രത്തിൽ വാസുവും , ചിറ്റൂർ ജില്ലയിലെ ദന്തഡോക്ടർ രണധീർ ബാബു, കോറമംഗലയിൽ നിന്നുള്ള അരുൺകുമാർ, നാഗബാബു, മുഹമ്മദ് അബൂബക്കർ, നൈജീരിയൻ സ്വദേശി അഗസ്റ്റിൻ ദാദ എന്നിവരുൾപ്പെടെ ഒമ്പത് പേരാണ് റേവ്പാർട്ടിയുടെ സംഘാടന ചുമതലയുണ്ടായിരുന്നവർ എന്ന് ചൂണ്ടിക്കാട്ടുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിന് പിഴ ചുമത്തുന്ന നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ സെക്ഷൻ 27 (ബി) പ്രകാരമാണ് ഹേമയ്‌ക്കും മറ്റ് 78 പേർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
റെയ്ഡിൽ എംഡിഎംഎ ഗുളികകൾ, എംഡിഎംഎ ക്രിസ്റ്റലുകൾ, അഞ്ച് ഗ്രാം കൊക്കെയ്ൻ, കൊക്കെയ്ൻ ചേർത്ത 500 രൂപ നോട്ട്, ആറ് കിലോഗ്രാം ഹൈഡ്രോ ഗഞ്ച, അഞ്ച് മൊബൈൽ ഫോണുകൾ, രണ്ട് ആഡംബര കാറുകൾ, ഡിജെ ഉപകരണങ്ങൾ എന്നിവ സിസിബി പിടിച്ചെടുത്തു.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയ്‌ക്ക് സമീപത്തുള്ള ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ നിന്നാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്.
താൻ നെഗറ്റീവാണെന്ന് പറഞ്ഞ് ഹേമ തന്റെ പരിശോധനാ റിപ്പോർട്ട് അടുത്തിടെ സ്വയം പുറത്തുവിട്ടിരുന്നു.