ലോകസമുദ്രങ്ങൾ കീഴടക്കി ചരിത്രം രചിക്കാൻ ഒരുങ്ങി നാവികസേനയിലെ വനിതാ ഓഫീസർമാർ. ലെഫറ്റ്. കമാൻഡർമാരായ രൂപ. എ, ദിൽന. കെ എന്നിവരാണ് കപ്പൽ മാർഗം ലോകം ചുറ്റുന്നത്. രണ്ടാം നാവിക സാഗർ പരിക്രമയുടെ ലോഗോ നാവികസേന പുറത്തിറക്കി.
INS തരിണിയിൽ വനിത നാവികരുടെ യാത്ര ഉടൻ ആരംഭിക്കുമെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഗോവയിൽ നിന്ന് കേപ്ടൗൺ മാർഗം റിയോ ഡി ജനീറോയിലേക്കുള്ള പര്യവേഷണത്തിൽ രൂപയും ദിൽനയും പങ്കെടുത്തിരുന്നു. കൂടാതെ ഈ വർഷം ആദ്യം ഗോവയിൽ നിന്ന് മൗറീഷ്യസിലേക്കും ഇവർ കപ്പലോടിച്ചിരുന്നു.
മൂന്ന് വർഷമായി മലയാളി നാവികൻ അഭിലാഷ് ടോമിയുടെ കീഴിൽ കഠിന പരിശീലനത്തിലാണ് രൂപയും ദിൽനയും. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഭിലാഷ് ടോമി മലയാളികൾക്ക് സുപരിചിതനാണ്. ഒറ്റയ്‌ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരുന്ന മത്സരമാണ് ഗോൾഡൻ ഗ്ലോബ് റേസ്.















