വനിതകളുടെ ടി20 ലോകകപ്പിൽ ഇന്ത്യയിന്ന് ഇറങ്ങും. ന്യൂസിലൻഡാണ് എതിരാളികൾ. ദുബായിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. ബദ്ധവൈരികളായ പാകിസ്താൻ ശ്രീലങ്കയെ 31 റൺസിന് കീഴ്പ്പെടുത്തിയാണ് ടൂർണമെന്റിന് തുടക്കമിട്ടത്. ഇന്ത്യയും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഹർമൻ പ്രീത് നയിക്കുന്ന ടീം സർവ സജ്ജം. ഷഫാലി വർമയും സ്മൃതി മന്ഥാനയും നയിക്കുന്ന ബാറ്റിംഗ് നിരയിൽ കരുത്ത് പകരാൻ ഹർമൻ പ്രീത് കൗറും ജെമീമ റോഡ്രിഗ്സുമുണ്ട്. സ്പിന്നൻ ജോഡികളായ ദീപ്തി ശർമയും ശ്രേയങ്കാ പാട്ടിലും വിശ്വസിക്കാവുന്ന ഓൾ റൗണ്ടർമാർ. രേണുക താക്കൂറിന്റെ കൈയിലാണ് പേസ് നിരയുടെ കടിഞ്ഞാൺ. പൂജ വസ്ത്രാക്കറും ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കും. അതേസമയം മലയാളി താരം ആശാ ശോഭനയെ പരീക്ഷിക്കാനും ഇന്ത്യ മുതിർന്നേക്കും.
കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിൽ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് മുന്നിലാണ് ഇന്ത്യ വീണത്. ന്യൂസിലൻഡ് ഇതുവരെ നോക്കൗട്ട് സ്റ്റേജിലേക്ക് കടന്നിട്ടില്ല. ടി20 ലോകകപ്പിൽ 36 മത്സരങ്ങൾ വീതം കളിച്ച ന്യൂസിലൻഡ് 24 തവണ വിജയിച്ചപ്പോൾ ഇന്ത്യക്ക് 20 ജയവും 16 തോൽവിയുമാണ് ഫലം.















