കൊച്ചി: വ്യാജ പ്രചാരണങ്ങളിലൂടെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെ കളളക്കേസിൽ കുടുക്കാനുളള ആസൂത്രിത നീക്കമാണ് മീഡിയ വൺ ചാനൽ നടത്തിയതെന്ന് ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ്. മീഡിയ വൺ തെറ്റ് തിരുത്താൻ തയ്യാറാകണം. അല്ലെങ്കിൽ കേരളത്തിലെ ദേശീയ വീക്ഷണമുളള ഒരു വലിയ സമൂഹം അതിനെതിരെ പ്രതികരിക്കാൻ നിർബന്ധിതമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിലെ ആർഎസ്എസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് വത്സൻ തില്ലങ്കേരി. ഹിന്ദു ഐക്യവേദിയുടെ വർക്കിംഗ് പ്രസിഡന്റും അധ്യാപകനുമാണ്. അേേദ്ദഹത്തെ അപമാനിക്കാനും അധിക്ഷേപിക്കാനും കളളക്കേസിൽ കുടുക്കാനുമുളള വ്യാജ പ്രചാരണമാണ് മീഡിയ വൺ നടത്തുന്നതെന്ന് കെവിഎസ് ഹരിദാസ് ആരോപിച്ചു. മീഡിയ വൺ ചർച്ചയിൽ പരാമർശിച്ച കൊലപാതക കേസിലെ പ്രതികൾ മുഴുവൻ സിപിഎംകാരാണ്. അങ്ങനൊരു സംഭവത്തിൽ ആർഎസ്എസിന്റെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവിനെ ചേർത്തുവച്ച് പ്രതിയാക്കാനുളള നികൃഷ്ടമായ രാഷ്‌ട്രീയ നീക്കമാണ് നടത്തിയത്. അതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുടെ അജൻഡയായിരിക്കാം ഇത്തരം നുണപ്രചാരണം. കഴിഞ്ഞ കുറെ നാളുകളായി ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഇത്് എല്ലാവർക്കുമറിയാം. അവരുടെ ചാനലാണ് മീഡിയ വൺ. അതിലെ ഒരു അവതാരകനാണ് പരസ്പര ബന്ധമില്ലാത്ത ഒരു വിഷയത്തിലേക്ക് വത്സൻ തില്ലങ്കേരിയെപ്പോലുളള ഒരു നേതാവിനെ കൂട്ടിക്കെട്ടാൻ കുത്സിത നീക്കം നടത്തിയത്. അതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചാവശ്ശേരിയിലെ ശിഹാബ് വധക്കേസിൽ വത്സൻ തില്ലങ്കേരി പ്രതിയാണെന്നും നിരവധി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നുമായിരുന്നു മീഡിയ വൺ ചർച്ചയിലെ നുണപ്രചാരണം. ഈ കേസിലെ മുഴുവൻ പ്രതികളും സിപിഎമ്മുകാർ ആണ്. ആ കേസാണ് വത്സൻ തില്ലങ്കേരിയുടെ പേരിൽ ചാർത്താൻ ശ്രമിച്ചത്. സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനായ ചാവശ്ശേരി ഉത്തമന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർക്ക് നേരേ സിപിഎം നടത്തിയ ബോംബേറിലാണ് ഷിഹാബ് കൊല്ലപ്പെടുന്നത്. അന്ന് ഷിഹാബിനൊപ്പം അമ്മു അമ്മ എന്ന വയോധികയും കൊല്ലപ്പെട്ടിരുന്നു.