കൊച്ചി: സ്വർണക്കടത്ത് തടയാൻ മതവിധി വേണമെന്ന കെടി ജലീലിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഇന്ത്യ മതരാഷ്ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്. സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ലെന്നും ശശികല ടീച്ചർ പറഞ്ഞു. വിഷയത്തിൽ എംവി ഗോവിന്ദന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ശശികല ടീച്ചർ.
മതവുമായി കൂട്ടിക്കുഴയ്‌ക്കണ്ട എന്ന് പറയുകയും മതനേതാക്കൾ ഇടപെടുന്നത് നല്ലതാണെന്ന് പറയുകയുമാണ് ഗോവിന്ദൻ. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ശശികല ടീച്ചർ ചോദിച്ചു. കുറെ വർഷങ്ങളായി പൊളിറ്റിക്കൽ ഇസ്ലാം സിപിഎമ്മിനെ റാഞ്ചിക്കഴിഞ്ഞു. ആ ഗതികെട്ട അവസ്ഥയിലാണ് കമ്യൂണിസ്റ്റുകാർ.
ക്ഷേത്ര ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഹൈന്ദവ സംഘടനകൾക്ക് ഇവിടെ ഇടപെടാൻ അധികാരമില്ല ഞങ്ങൾ തീരുമാനിക്കും എന്ന് പറയുന്നിടത്താണ് കളളക്കടത്ത് പോലെ രാജ്യത്തിന്റെ നിയമത്തിന് വിധേയമായി ശിക്ഷ കൊടുക്കേണ്ട ഒരു കാര്യത്തിൽ മതം ഇടപെടണം എന്ന് പറയുന്നത്. സ്വർണക്കടത്തിൽ മുസ്ലീം സമുദായത്തിൽപെട്ടവരാണ് കൂടുതലെന്ന് കെടി ജലീൽ പോലും തുറന്നുപറയുമ്പോൾ എംവി ഗോവിന്ദൻ പറയുന്നത് അതിനെ മതവുമായി കൂട്ടിക്കെട്ടേണ്ട എന്നതാണ്.
ഏതെങ്കിലും ഒരു സഹായം ചെയ്യുന്ന ഒരാളുടെ മതം നോക്കി നൻമമരമാക്കുകയും അത് ആ മതത്തിന്റെ മൊത്തം ക്രെഡിറ്റിലാക്കുന്നതിനെയും ചൊല്ലി വലിയ കോലാഹലം നടക്കുമ്പോഴാണ് ഒരു കുറ്റകൃത്യത്തിൽ 99 ശതമാനവും ഒരു മതവിഭാഗത്തിന്റെ ആളുകൾ പെടുമ്പോൾ അതിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കണ്ട എന്ന് എംവി ഗോവിന്ദൻ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് പാർട്ടി ചെന്നെത്താവുന്ന ഗതികേടിന്റെ ഏറ്റവും വലിയ ആഴങ്ങളിലേക്ക് അവർ പതിച്ചുകഴിഞ്ഞുവെന്ന് ശശികല ടീച്ചർ പറഞ്ഞു.
സ്വർണക്കടത്തിലോ ഹവാല ഇടപാടിലോ ഫത്വ ഇറക്കിയാൽ അത് അവർ അനുസരിക്കുമെങ്കിൽ നാളെ മറ്റു വിശ്വാസികൾക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നും അവരെ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും ഫത്വ ഇറക്കിയാൽ വീണ്ടും ഒരിക്കൽ കൂടി 1921 ൽ നടന്നതുപോലുളള ഹാലിളക്കമായിരിക്കും മലപ്പുറത്തിന്റെ മണ്ണിൽ നടക്കുകയെന്ന് ശശികല ടീച്ചർ പറഞ്ഞു. നല്ലതിന് മാത്രമായി ഫത്വ ഒതുക്കി നിർത്താൻ ആർക്കെങ്കിലും സാധിക്കുമോയെന്ന് അവർ ചോദിച്ചു.
രാഷ്‌ട്രത്തിന് ഒരു നിയമമുണ്ട്. നിയമവാഴ്ചയുളള രാജ്യമാണ് ഇത്. അല്ലാതെ മതരാഷ്‌ട്രമല്ല. ഓരോ വിഭാഗത്തിലും മതാചാര്യൻമാരല്ല ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. അവർക്ക് ചെയ്യാൻ വേറെ കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ മതമല്ല രാഷ്‌ട്രത്തിന്റെ നിയമമാണ് ഇടപെടേണ്ടതെന്നും ശശികല ടീച്ചർ പറഞ്ഞു.