ഭർതൃവീട്ടിൽ നിന്ന് കാണാതായ യുവതിയെ മൂന്നുവർഷത്തിന് ശേഷം കാമുകനൊപ്പം കണ്ടെത്തി. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ കേസിലടക്കം ഭർത്താവും വീട്ടുകാരും പ്രതിയായി. യുപി പൊലീസാണ് യുവതിയെ ലക്നൗവിൽ നിന്ന് കണ്ടെത്തിയത്. ഗോണ്ടയിൽ നിന്നുള്ള കവിത(23) ദാദുവ ബസാറിലെ വിനയ് കുമാറിനെ വിവാഹം കഴിച്ചത് 2017 നവംബറിലായിരുന്നു. 2021 മേയിൽ യുവതിയെ ഭർതൃ വീട്ടിൽ നിന്ന് കാണാതായി.
യുവതിയുടെ വീട്ടുകാർ വിനയ്കുമാറിനും കുടുംബത്തിനുമെതിരെ കൊലപാതകത്തിന് കേസ് നൽകി. പാെലീസിന്റെ പരിശോധനയിൽ കവിതയെ കണ്ടെത്താനായില്ല. പിന്നാലെ യുവാവും ഭാര്യവീട്ടുകാർക്കെിരെ തട്ടിക്കൊണ്ടു പോകലിന് പരാതി കൊടുത്തു. രണ്ടുപരാതിയിലും അന്വേഷണം പുരോഗമിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. സംഭവം ഹൈക്കോടതിയിലെത്തിയതോടെ പൊലീസിന്റെ നടപടിയെക്കുറിച്ച് ചോദ്യമുയർന്നു.
ഇതോടെ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തി. തുടർന്ന് കവിതയെ കണ്ടെത്തുകയായിരുന്നു. കാമുകൻ സത്യ നാരായൺ ഗുപ്തയ്‌ക്കൊപ്പം സുഖ ജീവിതത്തിലായിരുന്നു അവർ. “സത്യ നാരായൺ ഗോണ്ടയിലെ ദുർജൻപൂർ മാർക്കറ്റിൽ ഒരു കടയുടെ നടത്തുകയായിരുന്നു. കവിത അവിടുത്തെ പതിവ് സന്ദർശകയും. ഇതോടെ അവരുടെ ബന്ധം കൂടുതൽ വളർന്നു. തുടർന്ന് യുവതി സത്യ നാരായണിനൊപ്പം ഒളിച്ചോടി ,– എസ്പി ജയ്സ്വാൾ പറഞ്ഞു.ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്പ് താൻ കാമുകനൊപ്പം ഒരു വർഷത്തോളം അയോധ്യയിൽ താമസിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കവിത പറഞ്ഞു. കവിതയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി ഉടനെ കോടതിയിൽ ഹാജരാക്കും.