ന്യൂഡൽഹി: വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ സീറ്റുകൾ ലഭിച്ച ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനെക്കാൾ രണ്ട് ശതമാനം അധികം വോട്ട് വിഹിതം ബിജെപിക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപിക്ക് 25.64 ശതമാനമാണ് വോട്ട് വിഹിതം. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന് 23.43 ശതമാനവും. നാഷണൽ കോൺഫറൻസിന്റെ സഖ്യകക്ഷിയായ കോൺഗ്രസിന് ലഭിച്ചത് 11.97 ശതമാനം വോട്ട് വിഹിതം മാത്രമാണ്.
ദശാബ്ദങ്ങൾക്ക് ശേഷമാണ് കശ്മീരിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. വൈകിട്ട് ബിജെപിക്ക് ഉജ്ജ്വല വിജയം നേടിക്കൊടുത്ത പ്രവർത്തകരെ ഡൽഹിയിൽ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി കശ്മീരിന്റെ കാര്യം പരാമർശിച്ചത്. സമാധാനപരമായി വോട്ടെടുപ്പ് നടന്നു. ഫലം പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
42 സീറ്റുകളാണ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനുളളത്. കോൺഗ്രസിന് ആറ് സീറ്റുകളും. ഒറ്റയ്‌ക്ക് മത്സരിച്ച ബിജെപി 29 സീറ്റുകളിൽ വിജയിച്ചു. പിഡിപിക്ക് മൂന്ന് സീറ്റുകളം ലഭിച്ചു. ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിൽ പാർട്ടിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നതും രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുൻപ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടന്ന 2014 ൽ വിജയിച്ചതിനെക്കാൾ നാല് സീറ്റുകൾ അധികവും ലഭിച്ചു.
എന്നാൽ 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കശ്മീർ താഴ് വരയിലെ അഞ്ച് സീറ്റുകളും ജമ്മുവിൽ ഒരു സീറ്റും മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുളള ആദ്യ വിധിയെഴുത്തായിരുന്നു കശ്മീരിൽ നടന്നത്. അതുകൊണ്ടു തന്നെ ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്ന് ആയിരുന്നു കോൺഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം. ഇതിനുളള തിരിച്ചടി കൂടിയായി തെരഞ്ഞെടുപ്പ് ഫലം.