ന്യൂഡൽഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ പരാതികൾ ചർച്ച ചെയ്യാൻ പാർട്ടി നേതൃത്വത്തെ ക്ഷണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് നേതാക്കളുമായി വിഷയം സംസാരിക്കാമെന്ന് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കമ്മീഷൻ അറിയിച്ചു. ഖാർഗെയ്ക്ക് ഇതുസംബന്ധിച്ച കത്തും കമ്മീഷൻ അയച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് കൂടിക്കാഴ്ച നടത്താമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം ‘അപ്രതീക്ഷിതം’ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ച കാര്യവും കത്തിൽ തെര. കമ്മീഷൻ ചൂണ്ടിക്കാട്ടി. ഫലം വിശകലനം നടത്താൻ താത്പര്യമുണ്ടെന്ന് കാണിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമീപിച്ചതായും കമ്മീഷൻ അറിയിച്ചു. വിഷയത്തിൽ പാർട്ടി അദ്ധ്യക്ഷന്റെ പ്രസ്താവനയാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഔപചാരിക നിലപാട് എന്നതിനാൽ വൈകിട്ട് പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്താമെന്നും കമ്മീഷൻ വ്യക്തമാക്കി.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിൽ ബിജെപിയുടെ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്. ജാട്ട് മേഖലകളിലെ വോട്ടുകൾ പോലും ബിജെപിക്ക് അനുകൂലമായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. അന്തിമ ഫലം വന്നപ്പോൾ ബിജെപി 48 സീറ്റുകൾ സ്വന്തമാക്കി. കോൺഗ്രസ് 37 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന ഫലമായിരുന്നു ഹരിയാനയിലേത്. എന്നത്തേയും പോലെ വോട്ടിംഗ് യന്ത്രത്തെ പഴി പറയാനും കോൺഗ്രസ് നേതൃത്വം മടിച്ചില്ല. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി നേതൃത്വത്തെ കാണുന്നത്.