സ്വീഡൻ: 2024 ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിഡാൻക്യോയ്‌ക്കാണ് ഈ വർഷത്തെ സമാധാന നൊബേൽ. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അതിജീവിതരുടെ സംഘടനയാണിത്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് സംഘടനയ്‌ക്ക് നൊബേൽ ലഭിച്ചിരിക്കുന്നത്.
1956-ൽ രൂപീകൃതമായ നിഹോൻ ഹിഡാൻക്യോ ജപ്പാനിലെ അണുബോംബ് ദുരന്തം അതിജീവിച്ചവരുടെ ഏറ്റവും വലുതും സ്വാധീനവുമുള്ള സംഘടനയാണ്. ആണവായുധങ്ങൾ മാനവസമൂഹത്തിനുണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള അവബോധം വളർത്തുക എന്നതാണ് ഹിബാക്കുഷ എന്നും അറിയപ്പെടുന്ന സംഘടനയുടെ ലക്ഷ്യം.
ആണവായുധങ്ങൾക്കെതിരെ ആഗോളതലത്തിൽ എതിർപ്പ് സൃഷ്ടിക്കുന്നതിനും നിരോധനത്തിനും വേണ്ടിയുള്ള അവരുടെ അചഞ്ചലമായ ശ്രമങ്ങളെ നൊബേൽ കമ്മിറ്റി പ്രശംസിച്ചു. “വിവരിക്കാൻ കഴിയാത്തത് വിവരിക്കാനും ചിന്തിക്കാൻ കഴിയാത്തത് ചിന്തിക്കാനും ആണവായുധങ്ങൾ മൂലമുണ്ടാകുന്ന മനസ്സിലാക്കാൻ കഴിയാത്ത വേദനയും കഷ്ടപ്പാടുകളും മനസിലാക്കാനും ഹിബാകുഷ നമ്മെ സഹായിക്കുന്നു,” കമ്മിറ്റി അതിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞു.
വ്യക്തിപരമായ കഥകളും സ്വന്തം അനുഭവങ്ങളും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ക്യാമ്പെയ്‌നുകൾ, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരായ അടിയന്തര മുന്നറിയിപ്പുകൾ എന്നിവയിലൂടെ ആണവായുധങ്ങളോടുള്ള എതിർപ്പ് ഏകീകരിക്കാൻ സംഘടന സഹായിച്ചതായി നൊബേൽ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു. 80 വർഷമായി ഒരു ആണവായുധവും യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും സമിതി എടുത്തുകാട്ടി.