ഏതൊരു മലയാളി പ്രേക്ഷകനും ഒരിക്കൽ കൂടി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു ശ്രീനിവാസൻ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത്, അഭിനയിച്ച ചിത്രത്തിന് അന്നും ഇന്നും ആരാധകർ ഏറെയാണ്. 1998-ൽ പുറത്തിറങ്ങിയ സിനിമ അക്കാലത്ത് വലിയ ഹിറ്റ് നേടിയിരുന്നു. ചിത്രത്തിൽ നായികയായെത്തിയ നടി സംഗീത മാധവന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ചിത്രത്തെക്കുറിച്ച് വാചാലയാവുകയാണ് സംഗീത.
“ഞാൻ ചെയ്തതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. ചിത്രത്തിലെ ഒരുപാട് സീനുകൾ ഞാൻ ഇപ്പോഴും ഇടക്കിടയ്‌ക്ക് കാണാറുണ്ട്. ചില സീനുകൾ കാണുമ്പോൾ ചിരിവരും. ശ്രീനിവാസൻ ചേട്ടൻ പോകുമ്പോൾ കുട്ടികൾ വിളിക്കുന്ന ‘അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ’ എന്ന സീനാണ് എനിക്ക് ഏറ്റവും ഇഷ്ടം. എല്ലാവരെയും പോലെ അത് കേൾക്കുമ്പോൾ അറിയാതെ ഞാൻ ചിരിച്ചുപോകും”.
ചിരി വരുന്ന ഒരുപാട് സീനുകൾ സിനിമയിൽ ഉണ്ടെങ്കിലും കുട്ടികളുടെ അയ്യോ അച്ഛാ എന്ന വിളി ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴും ആ സീൻ മാത്രം എടുത്ത് കാണാറുണ്ട്. തന്റെ സിനിമാ ജീവിതത്തിൽ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമളയെന്നും സംഗീത മാധവൻ പറഞ്ഞു.















