ലക്നൗ : ഉത്തർപ്രദേശിലെ ഷാംലിയിലുള്ള ആക്‌സിസ് ബാങ്കിൽ നിന്ന് 40 ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എഫ്ഐആറിൽ 40 ലക്ഷം രൂപയുടെ കവർച്ച നടന്നതായി ബാങ്ക് മാനേജർ പറഞ്ഞെങ്കിലും 36 ലക്ഷം രൂപ മാത്രമാണ് താൻ കൊള്ളയടിച്ചതെന്നാണ് മോഷ്ടാവ് ചോദ്യം ചെയ്യലിൽ പറഞ്ഞത് .
പോലീസ് ചോദ്യം ചെയ്യലിൽ 36 ലക്ഷം രൂപയുടെ കണക്കും ഇയാൾ വെളിപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ ബാങ്ക് മാനേജരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട നാല് ലക്ഷം രൂപയ്‌ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഒക്‌ടോബർ ഒന്നിന് ഉച്ചയ്‌ക്ക് സദർ കോട്‌വാലി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ധിമൻപുര ഗേറ്റിന് സമീപമുള്ള ആക്‌സിസ് ബാങ്കിൽ പട്ടാപ്പകലായിരുന്നു കവർച്ച . ലിലോൺ ഗ്രാമവാസിയായ അമർജീത് എന്നയാളാണ് കവർച്ച നടത്തിയത് . ബാങ്കിൽ പിസ്റ്റളുമായി കടന്ന അമർജീത് 40 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് മാനേജർ പറയുന്നത് . കാഷ്യറോട് പറഞ്ഞ് 40 ലക്ഷം രൂപ കവർച്ചക്കാരന് നൽകിയെന്നും ബാങ്ക് മാനേജർ പറയുന്നു. മോഷ്ടാവ് പോയ ശേഷം 40 ലക്ഷം രൂപയുടെ കവർച്ച നടന്നതായി പോലീസിലും റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിൽ മോഷ്ടാവിനെ പിടികൂടിയ പോലീസ് മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപ ഇയാളിൽ നിന്ന് കണ്ടെടുത്തു. മാത്രമല്ല പലരിൽ നിന്നായി കടം വാങ്ങിയത് ഇയാൾ മടക്കി നൽകിയതായും പോലീസ് കണ്ടെത്തി . 5,80000 രൂപയാണ് കടം തീർക്കാനായി മോഷ്ടാവ് ചിലവഴിച്ചത് .എന്നാൽ ബാങ്ക് മാനേജർ പറഞ്ഞ ബാക്കി നാലു ലക്ഷം രൂപ മോഷ്ടാവിന്റെ പക്കൽ നിന്ന് കണ്ടെത്താനായില്ല. ഇപ്പോൾ ഈ പണം തേടി ബാങ്ക് മാനേജരെയും കാഷ്യറെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.