രജനിയുടെ സ്റ്റൈൽ , ഹെയർ, നടത്തം അങ്ങനെ അങ്ങനെ പ്രായമേറിയാലും ആരാധകർക്ക് ഇഷ്ടം കൂടി വരുന്ന നടനാണ് സ്റ്റൈൽ മന്നൻ. വ്യക്തിജീവിതത്തിലും , പൊതുജീവിതത്തിലും ആർക്കും എതിരഭിപ്രായങ്ങളില്ലാത്ത ലാളിത്യത്തിനുടമ . തമിഴ് സിനിമാലോകം ഇന്നും രജനിയ്‌ക്ക് ശേഷം എന്ന് ചിന്തിച്ച് തുടങ്ങിയിട്ടില്ല . ആരാധകർ മുഴുവൻ ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ സാക്ഷാൻ രജനി കാത്തിരിക്കുന്ന ഒരാളുണ്ട് . ഒരു പെൺകുട്ടി , നിർമ്മല എന്ന നിമ്മി.
ശിവാജിറാവു ഗെയ്ക് വാദിന്റെ മനസിൽ ഇടം നേടിയ നിമ്മി ജീവിക്കാനായി കണ്ടക്ടറുടെ വേഷം കെട്ടുന്ന കാലത്തും ശിവാജിയുടെ മനസിൽ അഭിനയമായിരുന്നു.രാത്രികാലങ്ങളില്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോകും. നാടകകൃത്ത് ടോപ്പി മണിയപ്പ തന്റെ ചില പുരാണ നാടകങ്ങളില്‍ അഭിനയിക്കാന്‍ ശിവാജിക്ക് അവസരം നല്‍കി. .
അക്കാലത്ത് ശിവാജി ജോലി ചെയ്തിരുന്ന ബസില്‍ പതിവായി കയറിയിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അന്ന് പിന്‍വാതിലിലൂടെ ആളുകള്‍ കയറുകയും മുന്‍വാതിലിലുടെ ഇറങ്ങുകയും ചെയ്യണമെന്നായിരുന്നു രീതി. എന്നാൽ ഈ പെണ്‍കുട്ടി അത് ലംഘിച്ച് മുന്‍വാതിലില്‍ കൂടി കയറുന്നതിനെ ശിവാജി ചോദ്യം ചെയ്യുകയും അവര്‍ തമ്മില്‍ വഴക്കിടുകയും ചെയ്തു. മെഡിസിന് പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍. വഴക്കുകളിലൂടെ തുടങ്ങിയ ബന്ധം ക്രമേണ സൗഹൃദമായി മാറി.
പിന്നീട് ഒരിക്കൽ താൻ അഭിനയിച്ച നാടകം കാണാൻ ശിവാജി ആ പെൺകുട്ടിയെ ക്ഷണിച്ചു . നാടകത്തിൽ ശിവാജിയുടെ അഭിനയം കണ്ട നിമ്മി അമ്പരന്നു പോയി . മറ്റ് കഥാപാത്രങ്ങളെ അപേക്ഷിച്ച് ആരുടെ മനസിലും തങ്ങി നിൽക്കുന്ന അഭിനയമായിരുന്നു ശിവാജിയുടേത് . അടുത്ത ദിവസം കണ്ടപ്പോൾ തന്നെ നിമ്മി ആവശ്യപ്പെട്ടത് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് അഭിനയം പഠിക്കണമെന്നായിരുന്നു . ‘നിങ്ങള്‍ ലോകമറിയുന്ന നടനാവും. നിങ്ങളൂടെ പോസ്റ്ററുകളും കട്ടൗട്ടുകളും ഉയരും. എന്റെ വലിയ മോഹമാണത്. അന്ന് നാടകം കണ്ടപ്പോള്‍ എനിക്കത് ഉറപ്പായി!’ എന്നും ആ കുട്ടി പറഞ്ഞെങ്കിലും , മനസിൽ ആഗ്രഹമുണ്ടായിരുന്നിട്ട് കൂടി ശിവാജി അത് തള്ളിക്കളഞ്ഞു. ജോലി കളഞ്ഞ് പഠിക്കാനിറങ്ങിയാൽ ഫീസ് പോലും നൽകാനിലെന്നും ശിവാജി പറഞ്ഞു. ആ പണം താൻ തരുമെന്നാണ് അന്ന് നിമ്മി ശിവാജിയോട് പറഞ്ഞത് .
പറയുക മാത്രമല്ല ആദ്യ ഗഡുവായ 500 രൂപ മുടക്കി അവള്‍ തന്നെ അഡ്മിഷനുളള ഫോം വാങ്ങി പൂരിപ്പിച്ച് അയക്കുകയും ചെയ്തു. ഒടുവിൽ ശിവാജി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതും , ഇന്ന് കണ്ട രജനികാന്തായതുമൊക്കെ കാലം കാത്തു വച്ച നേട്ടങ്ങൾ. പഠനം പൂര്‍ത്തിയായ ശേഷവും പിന്നീട് വലിയ നടനായ ശേഷവും തനിക്ക് ആദ്യമായി വഴി തുറന്ന പ്രിയ കൂട്ടുകാരിയെ നേരില്‍ കണ്ട് നന്ദി പറയാന്‍ അദ്ദേഹം ആവുന്നത്ര ശ്രമിച്ചെങ്കിലും ഒരിക്കലും സാധിച്ചില്ല. ഒരിക്കലെങ്കിലൂം നേരിട്ടു കാണണം എന്ന ആഗ്രഹത്താൽ ഇന്നും ലോകത്തിന്റെ ഏത് കോണിൽ പോയാലും രജനി തേടുന്നുണ്ട് ആ നിമ്മിയെ.