ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾക്കെതിരെ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ സ്ഥിരീകരിക്കുക മാത്രമാണ് കാനഡ ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവ് പോലും ഹാജരാക്കാൻ കാനഡയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നും, ആരോപണം ഉയർന്നത് മുതൽ ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ” ഇന്ന് നമുക്ക് കേൾക്കാൻ കഴിഞ്ഞത് ഇന്ത്യ സ്ഥിരമായി പറയുന്ന കാര്യങ്ങളെ അവർ അംഗീകരിച്ചുവെന്നതാണ്. ഇന്ത്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഒരു ഘട്ടത്തിൽ പോലും ഒരു തെളിവ് പോലും ഹാജരാക്കാൻ കാനഡയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയ്‌ക്കും ഇന്ത്യയുടെ നയതന്ത്രപ്രതിനിധികൾക്കുമെതിരെ അവർ ഇത്തരത്തിൽ തെളിവുകൾ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയതിന്റെ ഏക ഉത്തരവാദി ട്രൂഡോ മാത്രമാണെന്നും” വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കാനഡയിലെ ക്രിമിനൽ സംഘങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കാനുള്ള കനേഡിയൻ അധികൃതരുടെ ശ്രമങ്ങൾക്കെതിരെയും ഇന്ത്യ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകൾ ഇന്ത്യയ്‌ക്ക് കൈമാറിയെന്നായിരുന്നു ട്രൂഡോ തുടക്കം മുതൽ അവകാശപ്പെട്ടിരുന്നത്. എന്നാൽ തങ്ങൾക്ക് അത്തരത്തിൽ യാതൊരു തരത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി. പിന്നാലെയാണ് കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ഇല്ലെന്ന് ഒട്ടാവയിൽ നടന്ന ഒരു പരിപാടിയിൽ ട്രൂഡോ വെളിപ്പെടുത്തിയത്.