മുംബൈ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് മുംബൈയിലേക്ക് തിരിച്ച വിസ്താരയുടെ ബോയിംഗ് 787 വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിങ് നടത്തി. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറക്കിയ ശേഷം സുരക്ഷാ പരിശോധനകൾ നടത്തുന്നതിനായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രി 8.20ഓടെയാണ് വിമാനം ഫ്രാങ്ക്ഫർട്ടിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടത്. സുരക്ഷാ ഭീഷണി ലഭിച്ചതിന് പിന്നാലെ രാവിലെ 7.45ഓടെ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. 134 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിസ്താര പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പരിശോധനകൾ പൂർത്തിയാക്കുന്നതിനായി സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇവർ വ്യക്തമാക്കി.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത്തരത്തിൽ 13 വിമാനങ്ങൾക്കാണ് സുരക്ഷാ ഭീഷണികൾ ലഭിച്ചത്. വിമാന സർവീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുമായുള്ള സാമ്പത്തിക തർക്കത്തിന്റെ പേരിൽ വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഭീഷണി മുഴക്കിയത്. ഛത്തീസ്ഗഡ് സ്വദേശിയായ പതിനേഴുകാരനാണ് അറസ്റ്റിലായത്. 48 മണിക്കൂറിനിടെ 12 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഇതേത്തുടർന്ന് പല വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കുകയും ചെയ്തിരുന്നു.