ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള അയച്ച ഡ്രോൺ ആയിരുന്നുവെന്നാണ് നിഗമനം. സിസേറിയ ടൗണിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ടൗണിലെ ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചെങ്കിലും ആളപായമില്ല. ലെബനനിൽ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ട് ഡ്രോണുകളെ ഇസ്രായേലി സൈന്യം ശക്തമായി പ്രതിരോധിച്ചു.
അടുത്തിടെയായിരുന്നു ഹിസ്ബുള്ള തലവനെയും പിൻഗാമിയാകാൻ പോകുന്ന ഭീകരനെയും ഇസ്രായേൽ വധിച്ചത്. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന കൂട്ട പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഭീകരസംഘടനയുടെ തലവനെ അടക്കം ഇസ്രായേൽ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഹമാസ് നേതാവിനെയും ഐഡിഎഫ് വധിച്ചിരുന്നു. ഗാസ മുനമ്പിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മൂന്ന് ഹമാസ് ഭീകരരായിരുന്നു കൊല്ലപ്പെട്ടത്. ഇതിലൊരാൾ തലവൻ യഹിയ സിൻവറായിരുന്നു. തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹം ലഭിച്ചതെങ്കിലും ഡിഎൻഎ പരിശോധനകളിലൂടെ യഹിയയാണെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം ഉണ്ടായത്.