കഴിഞ്ഞ ദിവസം കോഴിക്കോട്, തൃശൂർ കടപ്പുറങ്ങളിൽ ജീവനുള്ള മത്തി വേണ്ടുവോളം തീരത്തടിഞ്ഞിരുന്നു. കുട്ടികളും പ്രായമായവരുമെല്ലാം ആവേശത്തോടെ തീരത്തെത്തി മത്തിക്കൂട്ടത്തെ കവറുകളിലാക്കി വീട്ടിലേക്ക് കൊണ്ടുപോയി. ജീവനുള്ള മത്തി തിരയോടൊപ്പം കരയിലേക്ക് വന്നടിയുന്ന കാഴ്ച രസകരവുമായിരുന്നു. ഇത് ചാകരയാണെന്നാണ് എല്ലാവരും വിശേഷിപ്പിച്ചതെങ്കിലും പുതിയൊരു തരം കടൽ പ്രതിഭാസമാണിതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്..
കടൽവെള്ളത്തിന്റെ സാന്ദ്രത കുറയുമ്പോൾ മീനുകൾ കൂട്ടത്തോടെ കരയിലേക്ക് എത്തുന്നതാണിത്. അന്തരീക്ഷ താപനിലയിൽ മാറ്റം സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ സമുദ്രജലത്തിന്റെ സാന്ദ്രതയിൽ വ്യത്യാസം വരുന്നത്. സാന്ദ്ര കുറയുന്ന സമയത്ത് അടിത്തട്ടിലെ ജലം മുകളിലേക്ക് ഉയരും, ഇതോടെയാണ് മീനുകൾ തിരയോടൊപ്പം സഞ്ചരിക്കുന്ന അവസ്ഥയിലെത്തുന്നത്. കടൽജലത്തിന്റെ ഉപരിതലത്തിലെത്തുന്ന മത്സങ്ങൾ പതിയെ തിരയ്‌ക്കൊപ്പം തീരം തൊടും. മിനിറ്റുകളോ, മണിക്കൂറുകളോ നീളുന്ന ഈ പ്രതിഭാസത്തെ കടൽവെള്ള സാന്ദ്രതാ പ്രതിഭാസമെന്ന് വിശേഷിപ്പിക്കാം.
കഴിഞ്ഞ ദിവസം കോഴിക്കോട് കോന്നാട് ബീച്ചിലും തൃശൂർ തളിക്കുളത്തെ ബീച്ചിലുമാണ് ജീവനുള്ള മത്തി അടിഞ്ഞുകൂടിയത്. മീൻ വാരി ചാക്കിലാക്കാൻ വലിയ ആവേശത്തിലായിരുന്നു നാട്ടുകാർ.















