തിരുവനന്തപുരം: പാറശ്ശാല അയിര ചൂണ്ടിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ മോഷ്ടാവ് ശ്രീകോവിലിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചു. പൂട്ട് പൊളിക്കാൻ സാധിക്കുന്നില്ലെന്നായപ്പോൾ ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളിൽ കയറി സാധാനങ്ങൾ വാരിവലിച്ച് ശ്രീകോവിലിന്റെ താക്കോലും തിരഞ്ഞു. എന്നാൽ ഇതെല്ലാം ക്യാമറയിൽ പതിഞ്ഞെന്ന കാര്യം മനസിലായതോടെ കള്ളൻ അടവ് മാറ്റി.
മോഷ്ടിക്കാനെത്തിയ കള്ളൻ ഭക്തനായി മാറുന്ന കാഴ്ചയാണ് പിന്നീട് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ക്ഷേത്രത്തിലെ കിണറ്റിൽ നിന്നും വെള്ളം കോരിയെടുത്ത് കുടിക്കുകയും കുളിക്കുകയും ചെയ്ത കള്ളൻ കുറിയും തൊട്ട് തൊഴുത ശേഷമാണ് മടങ്ങിയത്.
രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി സംഭവവികാസങ്ങൾ കണ്ടതോടെ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഭാരവാഹികൾ കള്ളന്റെ ദൃശ്യങ്ങളടക്കം നൽകി പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















