സ്തനാർബുദത്തോട് പോരാടുന്ന സമയത്തും തന്റെ ഓരോ നിമിഷങ്ങളും ആനന്ദകരമാക്കാൻ ശ്രമിക്കുകയാണ് ബോളിവുഡ് സീരിയൽ താരം ഹിന ഖാൻ. എല്ലാവർക്കും പ്രചോദനമേകുന്ന നിരവധി ചിത്രങ്ങളും പോസ്റ്റുകളും അവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ കാൻസർ ചികിത്സയ്‌ക്ക് അൽപം ഇടവേള നൽകി മാലദ്വീപ് കാഴ്ചകൾ ആസ്വദിക്കുന്ന ഹിന ഖാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
മാലദ്വീപിൽ കുതിര സവാരി ചെയ്യുന്നതിന്റെയും സ്‌കൂബ ഡൈവ് ചെയ്യുന്നതിന്റെയും സായാഹ്നം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഹിന പങ്കുവച്ചത്. ‘ സന്തോഷം പല വഴികളിലൂടെ എത്തുന്നു” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾ വൈറലായതോടെ ഹൃത്വിക് റോഷൻ നായകനായി എത്തിയ ‘സിന്ദഗി ന മിലേഗി ദോബാര’ എന്ന ചിത്രത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ ഡയലോഗായ ‘ ജീനാ കോയി തുംസെ സീഖെ’ ( നിന്നിൽ നിന്നും ആരെങ്കിലും എന്തെങ്കിലും പഠിക്കണം) എന്നാണ് ആരാധകർ ഹിനയ്‌ക്കായി കുറിച്ചത്.
View this post on Instagram
ഇതിനുമുമ്പ് കാൻസറിനോട് ഒറ്റയ്‌ക്ക് പോരാടുന്ന കൺപീലിയുടെ ചിത്രം പങ്കുവച്ചും ഹിന ഏവരെയും പ്രചോദിപ്പിച്ചിരുന്നു. കാൻസറിന്റെ വേദനകളിൽ വീണുപോകുമെന്ന് തോന്നുമ്പോൾ ഒറ്റയ്‌ക്ക് പോരാടുന്ന ഈ കൺപീലിയാണ് തനിക്ക് പ്രചോദനം നൽകുന്നതെന്ന അടിക്കുറിപ്പോടെയായിരുന്നു താരം ചിത്രങ്ങൾ പങ്കുവച്ചത്. അടുത്തിടെ പൊതുപരിപാടികളിലും അവാർഡ് ദാന ചടങ്ങുകളിലും താരം പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.