ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ബാരാമുള്ളയിലെ നിയന്ത്രണരേഖയോട് ചേർന്ന് കരസേനയുടെ വാഹനത്തെ ലക്ഷ്യമിട്ടാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ രണ്ട് ചുമട്ടുതൊഴിലാളികൾ കൊല്ലപ്പെട്ടതായും ചിനാർ കോർപ് അറിയിച്ചു.
18 രാഷ്‌ട്രീയ റൈഫിൾസിലെ രണ്ട് സൈനികരാണ് വീരമൃത്യുവരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികർ ചികിത്സയിലാണെന്ന് സൈന്യം വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെയും ഭീകരർ ആക്രമിച്ചിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ ലഫ്. ഗവർണർ മനോജ് സിൻഹ ഉന്നതലയോഗം വിളിച്ചു. നോർത്തേൺ ആർമി കമാൻഡർ, കോർപ്‌സ് കമാൻഡർമാർ, ജമ്മു കശ്മീർ ഡിജിപി, ഐബിയിലെയും അർധ സൈനിക വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഗന്ദർബാൽ ജില്ലയിലും ഭീകരാക്രമണമുണ്ടായി. തുരങ്ക നിർമാണ തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു.