മുംബൈ: നിർമിത ബുദ്ധിയിലെ നേട്ടങ്ങളിലൂടെ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ ഇന്ത്യക്കേറെ ചെയ്യാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ശേഷം ലോകത്ത് മികച്ച 4ജി, 5ജി ബ്രോഡ്ബാൻഡ് ഉൾപ്പടെ മികച്ച കണക്ടിറ്റിവിറ്റി നൽകുന്നത് ഇന്ത്യയാണ്. നേരത്തെ ഇതിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലാത്ത കമ്പനിയായിരുന്നുവെങ്കിൽ ഇന്ന് സ്ഥിതി അങ്ങനെയല്ല, ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനി ഇന്ത്യയിലാണ്, അത് ജിയോ ആണെന്നും അംബാനി പറഞ്ഞു.
യുഎസ് പോലുള്ള രാജ്യങ്ങളിൽ ഉപഭോക്താക്കൾ ഒരു ജിബി ഡാറ്റയ്‌ക്ക് അഞ്ച് ഡോളർ (ഏകദേശം 420 രൂപ) നൽകുമ്പോൾ ആഗോള ശരാശരി ഒരു ജിബിക്ക് 3.5 ഡോളർ (ഏകദേശം 295 രൂപ) ആണ്. ഇന്ത്യയിൽ ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് ഏകദേശം 15 സെൻറ് (12-13 രൂപ) ചിലവ് മാത്രമേ വരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റയിലേത് പോലെ ഏതാനും വർഷങ്ങൾക്കുള്ളിൽ എഐ വിപണിയിൽ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം ആവർത്തിച്ചു. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന എൻവിഡിയ എഐ ഉച്ചകോടിയിൽ എൻവിഡിയ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ്ങുമായി നടന്ന ചർച്ചയ്‌ക്കിടയാണ് അംബാനിയുടെ പരാമർശം.
ഇന്ത്യയുടെ ഐടി വൈദഗ്ധ്യത്തെ പ്രകൃതിവിഭവമെന്നാണ് എൻവിഡിയ സ്ഥാപകൻ വിശേഷിപ്പിച്ചത്. രാജ്യത്ത് രണ്ട് ലക്ഷം ഐടി പ്രൊഫഷണലുകളെയാണ് എഐ ലോകത്തേക്ക് കടത്തിവിട്ടതെന്നും ജെൻസൻ ഹുവാങ്ങ് പറഞ്ഞു. റിലയൻസ് ജിയോയുമായി പങ്കുച്ചേർന്ന് രാജ്യത്ത് എഐ വികസിപ്പിക്കുമെന്നും ചർച്ചയ്‌ക്കൊടുവിൽ ഇരുവരും പ്രഖ്യാപിച്ചു. എഐയിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ കുറിച്ചും ഇരുവരും സംസാരിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് സംസാരിച്ച ആദ്യ ലോകനേതാവാണ് നരേന്ദ്ര മോദിയെന്നും ജെൻസൻ പറഞ്ഞു.