പാലക്കാട്: ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ല, എന്നുമാത്രമല്ല ഈ പാർട്ടിയുടെ നിഘണ്ടുവിൽ ‘മര്യാദ’ എന്ന പദമില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് സിപിഎം മുതിർന്ന നേതാവ് എൻഎൻ കൃഷ്ണദാസ്. വിത്തുഗുണം പത്തുഗുണം എന്ന് പറയുന്നത് പോലെ, പാർട്ടിയുടെ തലതൊട്ടപ്പന്മാർ കാണിച്ചുതരുന്ന വഴികളും മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്കുപുറത്ത്’ ശൈലികളും മാതൃകയാക്കുന്ന നേതാക്കളിൽ നിന്നും അണികളിൽ നിന്നും ഇതിൽപ്പരം മര്യാദ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് ആണയിട്ട് ഉറപ്പിക്കുന്നതാണ് എൻഎൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശം.
സിപിഎമ്മിനെതിരെ കടുത്ത വിമർശനവും പരാതിയും ഉന്നയിച്ചതിന് പിന്നാലെ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച ലോക്കൽ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂറിനെ സമവായ ചർച്ചയിലൂടെ പിണക്കം മാറ്റി തിരിച്ചുകൊണ്ടുവന്ന വേളയിലായിരുന്നു കൃഷ്ണദാസിന്റെ അസഹിഷ്ണുത നിറഞ്ഞ വാക്കുകൾ. മാദ്ധ്യമപ്രവർത്തകരെ ‘പട്ടി’കളെന്ന് അഭിസംബോധന ചെയ്തപ്പോൾ തന്നെ എതിർപ്പ് പ്രകടിപ്പിച്ച മാദ്ധ്യമങ്ങളോട് വീണ്ടും ധാർഷ്ട്യം കടുപ്പിക്കുകയായിരുന്നു കൃഷ്ണദാസ്. അങ്ങനെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങനെ വിളിക്കുകതന്നെ ചെയ്യുമെന്ന് കൃഷ്ണദാസ് കുരച്ചുചാടി.
ഷുക്കൂർ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് മുൻപിൽ മാദ്ധ്യമങ്ങൾ തടിച്ചുകൂടിയതായിരുന്നു കൃഷ്ണദാസിനെ ചൊടിപ്പിച്ചത്. പാർട്ടിയിലെ പടലപിണക്കങ്ങളും പൊട്ടിത്തെറികളും റിപ്പോർട്ട് ചെയ്തതിലെ വിദ്വേഷം മോശം പദപ്രയോഗത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നു കൃഷ്ണദാസ്. പാർട്ടിയിലേക്ക് തിരിച്ചുവന്ന ഷുക്കൂറിന്റെ പ്രതികരണം മാദ്ധ്യമങ്ങൾ തേടിയപ്പോൾ ഷുക്കൂറിന് പകരം പ്രതികരിച്ചത് കൃഷ്ണദാസായിരുന്നു. ”ഷുക്കൂറിനൊന്നും പറയാനില്ല, ഷുക്കൂറിന് വേണ്ടിയാണ് ഞാൻ പറയുന്നത്,” ഇറച്ചിക്കടയ്‌ക്ക് മുന്നിൽ പട്ടികൾ നിന്നതുപോലെ ഷൂക്കൂറിന്റെ വീടിന് മുന്നിൽ കാവൽ നിന്നവരാണ് മാദ്ധ്യമപ്രവർത്തകരെന്നും ഇനിയവർ ലജ്ജിച്ച് തലതാഴ്‌ത്തണമെന്നുമായിരുന്നു സിപിഎം നേതാവിന്റെ വാക്കുകൾ.
കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സിപിഎം നേതാവ് ഷുക്കൂറിനെ അനുനയിപ്പിച്ച്, പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇടത് കൺവെൻഷനിൽ പങ്കെടുക്കാൻ എൻഎൻ കൃഷ്ണദാസിന്റെ ഒപ്പം എത്തുകയായിരുന്നു അദ്ദേഹം. ഈ വേളയിൽ മാദ്ധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴായിരുന്നു കൃഷ്ണദാസിന്റെ ധാർഷ്ട്യമുണ്ടായത്. പാലക്കാട് സിപിഎമ്മിന്റെ രോമത്തിൽ തൊടാൻ ശേഷിയുള്ള ആരുമില്ലെന്നും എൻഎൻ കൃഷ്ണദാസ് പറഞ്ഞു.