കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹത. മൂന്ന് വർഷത്തിനിടെ 20 ലധികം വിദേശയാത്രകളാണ് ദിവ്യ നടത്തിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ നടത്തിയ വിദേശയാത്രകൾ സംശയമുണർത്തുന്നതാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു. ദിവ്യയുടെ ബിനാമി ഇടപാടുകൾ സംബന്ധിച്ച് കുടുതൽ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വിദേശ യാത്രകളും സംശയത്തിന്റെ നിഴലിലാകുന്നത്. വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് അന്വേഷിച്ചേക്കുമെന്നാണ് സൂചന.
എഡിഎം അനുമതി നൽകിയില്ലെന്ന് പിപി ദിവ്യ ആരോപിച്ച ചെങ്ങളായിയിലെ പെട്രോൾ പമ്പ് ദിവ്യയുടെ ബിനാമി ഇടപാടാണെന്ന ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു. ജില്ല പഞ്ചായത്ത് ഉപകരാറുകൾ ഒരേ കമ്പനിക്ക് നൽകുന്നതിലും ബിനാമി ഇടപാടുണ്ടെന്ന സംശയവും ശക്തമാണ്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ ഒളിവിൽ തുടരുന്നതിനിടെയാണ് കൂടുതൽ അഴിമതിക്കഥകളും വിവാദ ഇടപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഒന്നിന് പുറകെ ഒന്നായി ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.