സനാതന ധർമ്മത്തിൽ തീർത്ഥസ്നാനത്തിന് സവിശേഷ പ്രാധാന്യമുണ്ട്. അതിൽ തന്നെ കുംഭമേളകൾ നടക്കുന്ന സ്ഥലത്തെയും സമയത്തെയും തീർത്ഥസ്നാനത്തിന് ഏറെ പ്രത്യേകതകളുണ്ട്. അതിനാൽ തീർത്ഥാടകർക്ക് പുറമെ ധാരാളം ഋഷിമാരും സന്യാസിമാരും ഇവിടെയെത്തുന്നു.
ഭാരതത്തിലെ തന്നെ ആദ്ധ്യാത്മിക മഹോത്സവമായ കുംഭമേളയ്‌ക്ക് സ്വാതന്ത്ര്യ സമരവുമായി അഗാധമായ ബന്ധമുണ്ടെന്ന് എത്രപേർക്കറിയാം.
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ എതിർത്തവരിൽ കുംഭമേളയുമായി പൊക്കിൾക്കൊടി ബന്ധമുള്ള പ്രയാഗ്‌വാൾ സമുദായത്തിന്റെ പ്രാധാന്യം ഏറെയാണ്. അക്കാലത്ത് ബ്രിട്ടീഷുകാർ ക്രിസ്ത്യൻ മിഷനറിമാരെ പിന്തുണച്ചിരുന്നുവെന്നത് വസ്തുതയാണല്ലോ. ഈ മിഷനറിമാർ കുംഭ മേളയിലെത്തുന്ന തീർഥാടകരെ അജ്ഞരെന്ന് വിളിക്കുകയും അവരെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. പ്രയാഗിലെ ജനങ്ങൾ, പ്രത്യേകിച്ച് പ്രയാഗ്‌വാൾ വിഭാഗം ബ്രിട്ടീഷ് സർക്കാരിനെ എതിർക്കുകയും മിഷണറിമാർ ചെയ്യുന്ന പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു.
അതോടെ പ്രയാഗ്‌വാൾ വിഭാഗം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. തക്കം നോക്കി അവർ കാത്തിരുന്നു. 1857 ലെ കലാപ സമയത്ത്
കേണൽ ജെയിംസ് ജോർജ് സ്മിത്ത് നീല് എന്ന ഉദ്യോഗസ്ഥനെ അവിടേക്ക് നിയോഗിച്ചു. ഇയാളുടെ നേതൃത്വത്തിൽ മദ്രാസിൽ നിന്നുള്ള ഒന്നാം യൂറോപ്യൻ റെജിമെൻറ് (മദ്രാസ് ഫ്യൂസിലിയേഴ്‌സ് റെജിമെന്റ്) അലഹബാദ് അഥവാ പ്രയാഗ് രാജിൽ പ്രവേശിച്ചു. കേണൽ നീൽ കുംഭമേള സൈറ്റിൽ ബോംബാക്രമണം നടത്തി.ഇവിടെ താമസിച്ചിരുന്ന പ്രയാഗ്‌വാൾ സമുദായത്തെ ഉന്മൂലനം ചെയ്യാനായി നടത്തിയ കനത്ത ഷെല്ലിങ്ങിൽ ധാരാളം പേർ മരണമടഞ്ഞു.
ഈ ബോംബാക്രമണം ഇന്നും കുപ്രസിദ്ധമാണ്. ഇതിനെ തുടർന്ന് ഇയാൾക്ക് അലഹാബാദിലെ കശാപ്പുകാരൻ “Butcher of Allahabad” എന്ന പേര് ലഭിച്ചു. എന്തായാലും കേണൽ നീലിന് ജീവനോടെ ഉത്തർ പ്രദേശ് വിട്ടുപോകാൻ കഴിഞ്ഞില്ല. 25 September 1857 സെപ്‌റ്റംബർ 25 ണ് സ്വാതന്ത്ര്യ സമരഭടന്മാർ അയാളെ വെടിവെച്ചു കൊന്നു.
ബ്രിട്ടീഷുകാരുടെ അതിക്രൂരമായ പെരുമാറ്റത്തിൽ മനം മടുത്ത പ്രയാഗിലെ ജനങ്ങൾ അലഹബാദിലെ മിഷൻ പ്രസ്സും പള്ളികളും ലക്ഷ്യമിട്ടു. പിന്നീട് ബ്രിട്ടീഷുകാർ ഇവിടെ നിയന്ത്രണം നേടിയപ്പോൾ, അവർ പ്രയാഗ്‌വാൾ സമുദായത്തെ വളരെയധികം പീഡിപ്പിച്ചു. ചിലരെ തൂക്കിലേറ്റുക പോലും ചെയ്തു. ഗംഗാ-യമുന സംഗമത്തിന് സമീപമുള്ള കുംഭമേള ഭൂമികളുടെ സ്നാനഘട്ടങ്ങൾ ഉൾപ്പെടെയുളള പ്രദേശങ്ങളിൽ വലിയൊരു ഭാഗം കണ്ടുകെട്ടുകയും സർക്കാർ കൻ്റോൺമെൻ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
പ്രദേശവാസികളും രാഷ്‌ട്രീയക്കാരും കൂട്ടമായി ഒത്തുകൂടുന്ന സ്ഥലമായിരുന്നു ഓരോ കുംഭമേളകളും. അതുകൊണ്ടു തന്നെ അത് രാഷ്‌ട്രീയ പരിവർത്തനത്തിനുള്ള ഇടമായി മാറി. 1857 ന് ശേഷമുള്ള വർഷങ്ങളിൽ പ്രയാഗ്‌വാളുകളും കുംഭമേള തീർത്ഥാടകരും ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധിക്കുകയും അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തു.ഓരോ മേളയിലും പ്രയാഗ്‌വാളുകളും കുംഭമേളയിലെ ജനക്കൂട്ടവും കലാപത്തെയും ബിട്ടീഷുകാർ നടത്തിയ വംശീയ പീഡനത്തെയും സൂചിപ്പിക്കുന്ന ചിത്രങ്ങളുള്ള പതാകകൾ വഹിച്ചു. 1947 വരെ സ്വാതന്ത്ര്യ സമരത്തിൽ കുംഭമേള ഒരു പ്രധാന പങ്ക് വഹിച്ചു. അക്കാലത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ കുംഭമേളയിലെ ഒത്തുചേരലുകളും പ്രതിഷേധങ്ങളും തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു.
മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ 1906-ൽ പ്രയാഗ് കുംഭമേളയിലാണ് സനാതൻ ധർമ്മ സഭ യോഗം ചേരുന്നതും ബനാറസ് ഹിന്ദു സർവ്വകലാശാല ആരംഭിക്കാൻ തീരുമാനിക്കുന്നതും. ഹിന്ദുത്വ പ്രസ്ഥാനത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കേന്ദ്രങ്ങളിലൊന്നാണ് കുംഭമേളകൾ . 1964-ൽ ഹരിദ്വാർ കുംഭമേളയിൽ വെച്ചാണ് വിശ്വഹിന്ദു പരിഷത്ത് സ്ഥാപിതമായത്.