പാലാഴിമഥനസമയത്ത് കയ്യിൽ അമൃതകുംഭവുമായി ഉയർന്നു വന്നത് മഹാവിഷ്ണുവിന്റെ അവതാരമായ ധന്വന്തരി ഭഗവാനാണ്. ചാന്ദ്രമാസമായ ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ മഹാവിഷ്ണു ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. അതിനാൽ ഈ ദിവസത്തെ ധന്വന്തരി ജയന്തി , ധന്വന്തരി ത്രയോദശി, ധൻ തേരസ് എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. (പൂർണ്ണിമാന്ത പാരമ്പര്യമനുസരിച്ച് കാർത്തിക മാസത്തിലും ഇത് ആചരിക്കും)
ഇതും വായിക്കുക
ധനത്രയോദശി നാളിൽ പാലാഴിമഥനത്തിനിടെ ലക്ഷ്മി ദേവിയും സമുദ്രത്തിൽ നിന്ന് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. അതിനാൽ ത്രയോദശി നാളിൽ ലക്ഷ്മീ ദേവിയെയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കുന്നു.
ഭാരതമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ആദ്യ ദിവസമാണ് ധൻ തേരസ്. ആശ്വിന മാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കും രോഗപീഡകളിൽ നിന്ന് മുക്തി നേടാനുമുള്ള ആയുർവേദ ജ്ഞാനം പകർന്നുനൽകിയത് കൊണ്ട് ആയുർവേദത്തിന്റെ ദേവനായി ധന്വന്തരി കണക്കാക്കപ്പെടുന്നു. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചുമതലയുള്ള ഭാരതീയ ആയുഷ് മന്ത്രാലയം 2016 ഒക്ടോബർ 28 മുതൽ ഈ ദിനം “ദേശീയ ആയുർവേദ ദിനം” ആയി ആചരിച്ചു വരുന്നു.
ഈ വർഷം ഒക്ടോബർ 29 (തുലാം 13) വെള്ളിയാഴ്ചയാണ് ധന്വന്തരി ജയന്തി ആചരിക്കുന്നത്. (Krishna Paksha Trayodashi – Oct 29 10:32 AM – Oct 30 01:15 PM ).
അന്നേ ദിവസം ധന്വന്തരീ ക്ഷേത്രത്തിൽ നടത്തുന്ന പൂജകൾക്കും വഴിപാടുകൾക്കും സവിശേഷ ഫലസിദ്ധിയുണ്ടത്രേ. ആയുരാരോഗ്യ സമ്പദ്സമൃദ്ധിക്കു ധന്വന്തരി ജയന്തി ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാണ്.
ധൻതേരസിൽ, ദീപാവലിക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. ഇതുവരെ വൃത്തിയാക്കാത്ത വീടുകൾ നന്നായി വൃത്തിയാക്കുകയും വെള്ള പൂശുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെയും ആയുർവേദത്തിന്റെയും ദേവനായ ധന്വന്തരിയെ സന്ധ്യാസമയത്ത് പ്രാർത്ഥിക്കുന്നു. വീടിന്റെ പ്രധാന കവാടം വർണ്ണാഭമായ വിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ സ്വാഗതം ചെയ്യുന്നതിനായി കളമെഴുതുന്നു. ധൻതേരസ് ദിവസം രാത്രിയിൽ ലക്ഷ്മിയുടെയും ധന്വന്തരിയുടെയും പൂജയുടെ ഭാഗമായി ദീപങ്ങൾ (രാത്രി മുഴുവൻ കത്തിക്കുന്നു.
സ്വർണ്ണം അല്ലെങ്കിൽ വെള്ളി വസ്തുക്കളും പുതിയ പാത്രങ്ങളും ഉൾപ്പെടെയുള്ള പുതിയ വാങ്ങലുകൾ നടത്തുന്നതിന് ഇന്ന് വളരെ അനുകൂലമായ ദിവസമായി കണക്കാക്കുന്നു. പുതിയ ” ധൻ ” (സമ്പത്ത്) അല്ലെങ്കിൽ വിലയേറിയ ലോഹം കൊണ്ട് നിർമ്മിച്ച ചില വസ്തുക്കൾ ഭാഗ്യത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കപ്പെടുന്നു . ഇന്നാകട്ടെ സ്വർണ്ണം, വെള്ളി, മറ്റ് ലോഹങ്ങൾ, പ്രത്യേകിച്ച് അടുക്കള സാമഗ്രികൾ എന്നിവ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല അവസരമായി ധന്തേരസ് അറിയപ്പെടുന്നു. വീട്ടുപകരണങ്ങളുടെയും വാഹനങ്ങളുടെയും വൻതോതിലുള്ള വിൽപ്പനയാണ് ഈ ദിനത്തിൽ നടക്കുന്നത്.
ചൂല് നിഷേധാത്മകത ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കാണുന്നത്. ഈ ദിനത്തിൽ പുതിയ ചൂല് വാങ്ങുന്നത് സാമ്പത്തിക തടസ്സങ്ങൾ നീക്കി ഐശ്വര്യം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ധന്വന്തരി ധ്യാനം :
ചക്രം ശംഖം ജളൂകം ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസ-
ന്മൗലിമംഭോജനേത്രം
കാളാംഭോദോജ്വലാംഗം കടിതടവിലസ-
ച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖിലഗദവന-
പ്രൗഢദാവാഗ്നിലീലം
ധന്വന്തരീ മന്ത്രം
“ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരിമൂർത്തയേ അമൃതകലശഹസ്തായ
സർവാമയവിനാശായ ത്രൈലോക്യനാഥായ
മഹാവിഷ്ണവേ സ്വാഹാ”
( മന്ത്രത്തിലെ “ധന്വന്തരിമൂർത്തയേ” എന്നതിന് “ധന്വന്തരയേ” എന്നും, “സ്വാഹാ” എന്നതിന് “നമ:” എന്നും പാഠദേദങ്ങളുമുണ്ട് )
ധന്വന്തരീ സ്തുതി
“ഓം നമാമി ധന്വന്തരിം ആദിദേവം
സുരാസുരൈഃ വന്ദിത പാദപത്മം
ലോകേ ജരാരുഗ്ഭയ മൃത്യുനാശം
ദാതാരമീശം വിവിധൗഷധീനാം”
മറ്റൊരു സ്തുതി ഇപ്രകാരമാണ്
“ധന്വന്തരിമഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താ ഭവേത്ജനാ”
ധന്വന്തരീ ഗായത്രി :
“ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്”
ഔഷധ സേവയ്‌ക്കു മുമ്പേ ജപിക്കുന്ന മന്ത്രം :
“അച്യുതാനന്ദ ഗോവിന്ദ
വിഷ്ണോ നാരായാണാമൃത
രോഗാൻ മേ നാശയശേഷാൻ
ആശു ധന്വന്തരേ ഹരേ”