മനുഷ്യരാശിക്ക് രോഗപീഡകളിൽ നിന്ന് മുക്തി നേടാനുമുള്ള ശാസ്ത്രമായ ആയുർവേദ ജ്ഞാനം പകർന്നുനൽകിയത് കൊണ്ട് ആയുർവേദത്തിന്റെ ദേവനായി ധന്വന്തരി മൂർത്തിയെ കണക്കാക്കപ്പെടുന്നു. പാലാഴിമഥനസമയത്ത് കയ്യിൽ അമൃതകുംഭവുമായി ഉയർന്നു വന്ന, മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരി ഭഗവാൻ. ഹൈന്ദവ വിശ്വാസപ്രകാരം വേദങ്ങളും പുരാണങ്ങളും ധന്വന്തരിയെ ആരോഗ്യത്തിന്റെയും ചികിത്സയുടേയും ആയുസ്സിന്റെയും ദൈവമായി വർണ്ണിക്കുന്നു. രോഗനിവാരണ ദേവത, രോഗശമനമൂർത്തി, ആരോഗ്യദായകൻ, മഹാവൈദ്യൻ എന്നൊക്കെ ധന്വന്തരി അറിയപ്പെടുന്നു. അതിനാൽ രോഗികളും ആരോഗ്യ പ്രവർത്തകരും ഒരുപോലെ ആരാധിക്കുന്ന മൂർത്തിയാണ് ധന്വന്തരി. വിശ്വാസികൾ ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ പ്രാർഥിക്കുകയും ക്ഷേത്രങ്ങളിൽ ധന്വന്തരി പൂജ നടത്തുന്നതും സാധാരണമാണ്.
കേരളത്തിൽ ധാരാളം ധന്വന്തരി മൂർത്തിക്ഷേത്രങ്ങളുണ്ട്. അവയിൽ വഴിപാടുകളുടെയും നേദ്യത്തിന്റെയും പ്രത്യേകതകൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ് ചങ്ങനാശ്ശേരി ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തി ക്ഷേത്രം. ധന്വന്തരി ഭാവത്തിലുള്ള ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരു കയ്യിൽ അമൃത കുംഭമുള്ള ശ്രീകൃഷ്ണ വിഗ്രഹമാണ് ഇവിടെയുളളത്.
നിവേദ്യപ്രിയനാണ് ഭഗവാൻ ധന്വന്തരി. നെല്ലിക്കയാണ് ഭഗവാന്റെ ഇഷ്ട നിവേദ്യം. അതും ഉപ്പിലിട്ട നെല്ലിക്ക. വെള്ള നിവേദ്യവും ഉപ്പിലിട്ട നെല്ലിക്കയും ഒക്കെ നേദ്യമായി വെച്ചുളള ഉച്ചപ്പൂജ ഏറെ വിശേഷമാണ്. ഭഗവാന് നിറപറയൊരുക്കുന്നതും നെല്ലിക്ക കൊണ്ടാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി നെല്ലിക്കപ്പറ സമർപ്പിക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിന്റെ ഫലസിദ്ധിയിലുള്ള വിശ്വാസം കാരണം ധാരാളം പേരാണ് ഈ വഴിപാട് നടത്താൻ ഇവിടെ എത്തിച്ചേരുന്നത്. കദളിപ്പഴവും പാൽപ്പായസവും നേദിക്കാറുണ്ട്.
ഇതും വായിക്കുക
ധന്വന്തരി ജയന്തി അഥവാ ധൻ തേരസ് ഒക്ടോബർ 29 ചൊവ്വാഴ്ച; ആചരണവും അനുഷ്ഠാനവും അറിയാം
രോഗാദി ദുരിതങ്ങൾ മാറുവാനും, ഔഷധ സേവക്ക് മുൻപായി ഫലസിദ്ധി നേടാനും ധാരാളം പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ധന്വന്തരി ഹോമം ഇവിടുത്തെ പ്രധാന വഴിപാടാണ്. രോഗശമന സൂക്ത പുഷ്‌പാഞ്‌ജലിയും ധാരാളം ഭക്തരെ ആകർഷിക്കുന്നു. രോഗശമനത്തിനായി നടത്തുന്ന നമസ്കാരമൂട്ടും ഇവിടുത്തെ പ്രധാന വഴിപാടാണ്. ഉച്ചപ്പൂജയുടെ സമയത്ത് ചെയ്യുന്ന വിശേഷാൽ പൂജയാണ് ഇത്.
ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തിക്ക് പുഷ്‌പാഭിഷേകവും ഏറെ വിശേഷമാണ്. ധന്വന്തരി ജയന്തി പോലെയുള്ള വിശേഷ ദിവസങ്ങളിൽ പുഷ്‌പാഭിഷേകം നടത്താറുണ്ട്.
ഗണപതിയും ഭുവനേശ്വരിയുമാണ് ഇവിടുത്തെ ഉപദേവതകൾ. ഗണപതി പ്രതിഷ്‌ഠ ഒക്കത്ത് ഗണപതിയായാണ്.
ചങ്ങാനാശ്ശേരി പെരുന്ന പടിഞ്ഞാറാണ് ശ്രീ വാസുദേവപുരം ധന്വന്തരി മൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്താണ് ഇത്. പെരുന്ന പടിഞ്ഞാറ് എൻ എസ് എസ് കരയോഗമാണ് ഇപ്പോൾ ക്ഷേത്ര ഭരണം കൈകാര്യം ചെയ്യുന്നത്.
“നമാമി ധന്വന്തരിമാദിദേവം സുരാസുരൈർ വ്വന്ദിതപാദപത്മം
ലോകേ ജരാരുഗ്ഭയമൃത്യുനാശം ധാതാരമീശം വിവിധൗഷധീനാം”