പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തെയും വികാരത്തെയും വ്രണപ്പെടുത്തുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ. ഹിന്ദു ആചാര അനുഷ്ഠാനങ്ങളെ ഇത്രയധികം അവഹേളിക്കുന്ന ഒരു സർക്കാർ മുമ്പ് ഉണ്ടായിട്ടില്ലെന്നും ശബരിമലയിൽ പോകുന്ന ഭക്തന്റെ വികാരം മനസിലാക്കാൻ മുഖ്യമന്ത്രിയ്‌ക്ക് കഴിയില്ലെന്നും വി മുരളീധരൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“തൃശൂർ പൂരം കലങ്ങിയില്ലെന്നാണ് പിണറായി വിജയൻ പറയുന്നത്. ഇതിനേക്കാൾ നന്നായി അവർക്ക് പൂരം കലക്കാൻ അറിയാമെന്നാണ് ഇതിനർത്ഥം. പൂരം കലങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. ശബരിമല തീർത്ഥാടന കാലത്തും ഇതേ അവസ്ഥയാണ് ഉണ്ടായത്. ആയിരക്കണക്കിന് ഹൈന്ദവരുടെ വിശ്വാസത്തെയും വികാരത്തെയും വ്രണപ്പെടുത്തുന്ന നടപടിയാണ് പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
മറ്റ് മതവിഭാഗങ്ങളുടെ വോട്ട് നേടാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിനെതിരെ കേസെടുക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ സംസ്ഥാനത്തെ എല്ലാ ഹൈന്ദവ സംഘടനകളും സനാതന വിശ്വാസികളും ശക്തമായ പ്രക്ഷോഭം നടത്തും. ഇത്തരമൊരു സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദി പിണറായി വിജയൻ മാത്രമായിരിക്കും”.
ശബരിമല തീർത്ഥാടനവും അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കേരളത്തിൽ മാത്രമാണ് ഹിന്ദുക്കൾ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഇത്രയ്‌ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഹിന്ദുക്കളെ ശത്രുക്കളായാണ് സർക്കാർ കാണുന്നത്. എന്നിട്ട് മുസ്ലീം തീവ്രവാദത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വി മുരളീധരൻ പറഞ്ഞു.