ശ്രീനഗർ : ‘ ധീരനായിരുന്നു അവൻ ‘ ഇന്ത്യൻ സൈന്യത്തിന്റെ ആ കുറിപ്പിലുണ്ട് , ഫാന്റം അവർക്ക് ആരായിരുന്നുവെന്ന് . ജമ്മു കശ്മീരിലെ അഖ്‌നൂരിലെ സുന്ദർബാനി സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ഭീകരാക്രമണത്തിലാണ് നാല് വയസ്സുള്ള സൈനിക നായ ‘ഫാൻ്റം’ ഇല്ലാതായത് . ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ട ഫാന്റം2022 ഓഗസ്റ്റ് 12 നാണ് ഇന്ത്യൻ സൈന്യത്തിൽ എത്തിയത് .
തിങ്കളാഴ്ച രാവിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം സൈനിക വാഹനങ്ങൾ കടന്നുപോകുമ്പോൾ ഭീകരർ സൈനിക വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.സൈനികര്‍ പ്രത്യാക്രമണം നടത്തിയതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു.പിന്നാലെ ആർമി സ്‌പെഷ്യൽ ഫോഴ്‌സും എൻഎസ്ജി കമാൻഡോകളും ഭീകരർക്കെതിരെ ശക്തമായ ഓപ്പറേഷനുമായി മുന്നോട്ട് പോയി.
സമീപത്തെ കെട്ടിടത്തിൽ ഒളിച്ച ഭീകരരെ കണ്ടെത്തിയതോടെ വെടിവെയ്പ്പ് ആരംഭിച്ചു. ഇതിനിടെയാണ് തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേറ്റത്. അല്പനേരത്തിനുള്ളിൽ വീരമൃത്യു വരിക്കുകയും ചെയ്തു.
ഫാന്റത്തെ കുറിച്ച് ഇന്ത്യൻ സൈന്യം പ്രത്യേക കുറിപ്പും പങ്ക് വച്ചിട്ടുണ്ട്. “നമ്മുടെ യഥാർത്ഥ ഹീറോയ്‌ക്ക് ഞങ്ങളുടെ സല്യൂട്ട് ധീരനായ ഇന്ത്യൻ ആർമി ഡോഗ്, ഫാൻ്റം.ഭീകരർക്കെതിരെ ഞങ്ങളുടെ സൈന്യം അടുക്കുമ്പോൾ, ഫാൻ്റം ശത്രുക്കളുടെ വെടിയുണ്ട ഏറ്റു വാങ്ങി. മാരകമായ പരിക്കുകൾ ഉണ്ടായി . ആ ധൈര്യവും വിശ്വസ്തതയും അർപ്പണബോധവും ഒരിക്കലും മറക്കാനാവില്ല.“ സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്‌സില്‍ കുറിച്ചു. ഫാന്റത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.















