കണ്ണൂർ: പിപി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയ വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ദിവ്യക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവിലുള്ളത്. 38 പേജുള്ള വിധി പകർപ്പാണ് പുറത്തുവന്നത്.
എഡിഎം നവീൻ ബാബുവിനെ അപമാനിക്കാൻ തന്നെയാണ് ദിവ്യ ശ്രമിച്ചത്. ഗൗരവമേറിയ സംഭവമാണെന്നും ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും കോടതി നിരീക്ഷിച്ചു. ദിവ്യ ക്ഷണിക്കാതെ വന്നതെന്ന വാദം കോടതി അംഗീകരിച്ചു. പ്രത്യാഘാതം മനസിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു.
പ്രാദേശിക ചാനലിനെ എത്തിച്ച് പ്രസംഗം റെക്കോർഡ് ചെയ്തു. അത് നവീൻ ബാബുവിന്റെ ജന്മദേശത്ത് പോലും പ്രചരിപ്പിച്ചു. കീഴിലുള്ള ഉദ്യോഗസ്ഥരുടെയും മേല് ഉദ്യേഗസ്ഥരുടെയും സാന്നിധ്യത്തിൽ അപമാനിക്കപ്പെട്ട ഒരാൾ തകർന്നപ്പോൾ ആത്മഹത്യ അല്ലാതെ മറ്റൊരു മാർഗമില്ലെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ക്ഷണിക്കാതെയാണ് പരിപാടിയിലെത്തിയതെന്നും ഇതിൽ ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്.
പ്രതി രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചേക്കാം. സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയേറെയാണ്. ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യ പ്രസംഗം നടത്തിയത്. അതിനാൽ ജാമ്യത്തിന് അർഹതയില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയിൽ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് വിധിപ്പകർപ്പിലുണ്ട്.