പാലക്കാട്: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാരിനെ ശരിയായ രീതിയിൽ പ്രതിരോധത്തിലാക്കാൻ യുഡിഎഫിന് സാധിച്ചില്ലെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 8 വർഷവും പിണറായി സർക്കാരിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷം, ജനങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” ജനങ്ങളുടെ താത്പര്യത്തിനെതിരായി വി ഡി സതീശന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉപജാപക സംഘത്തെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന രാഷ്‌ട്രീയത്തിന് വഴിതിരിവുണ്ടാക്കും. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. എന്നാൽ കഴിഞ്ഞ 8 വർഷവും സർക്കാരിന് ശക്തമായ വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിന് സാധിച്ചില്ല. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ കൂടി ജനങ്ങൾ വിലയിരുത്തും.”- കെ സുരേന്ദ്രൻ പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കാൻ കളക്ടർ തന്നെ രംഗത്തെത്തി. നവീൻ ബാബു നീതിമാനായ ഉദ്യോഗസ്ഥനാണെന്നായിരുന്നു കളക്ടർ മുൻപ് പറഞ്ഞിരുന്നത്. പി പി ദിവ്യയെ യോഗത്തിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും നവീൻ ബാബു അഴിമതി നടത്തിയതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ആദ്യം മൊഴി നൽകിയിരുന്നു. എന്നാൽ കണ്ണൂരിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വന്ന് പോയതിന് ശേഷമാണ് കളക്ടർ ഇപ്പോൾ മൊഴി മാറ്റി പറയുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞിരുന്നുവെന്നാണ് കളക്ടർ ഇപ്പോൾ പറയുന്നത്. ഇത് നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി നിഷേധിക്കുമെന്നും നവീന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്ന് പറയുമ്പോഴും പി പി ദിവ്യയെ സംരക്ഷിക്കാനുള്ള വഴികൾ മറുവശത്ത് മെനയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നവീൻ ബാബുവിന്റെ മരണത്തിൽ മൗനം പാലിക്കുകയാണ്. കർഷകരുടെ വിഷയങ്ങളും ചർച്ച ചെയ്യുന്നില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.