ഒരു ദിവസത്തേക്കുള്ള ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. പ്രഭാതഭക്ഷണം രാജാവിനെപ്പോലെയും ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും അത്താഴം പാവപ്പെട്ടവനെപ്പോലെയും കഴിക്കണെമെന്നാണ് പറയുന്നത്. പോഷക സമ്പന്നമായ ആഹാരമാകണം രാവിലെ കഴിക്കേണ്ടത്. ഊർജ്ജത്തിനപ്പുറം ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇത് സഹായിക്കും.
അതിരാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ ആഹാരം കഴിക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രഭാത ഭക്ഷണം 10 മണിക്കും 11 മണിക്കും ഇടയിൽ കഴിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് കണ്ടൻ്റ് ക്രിയേറ്ററും ഡോക്ടറുമായ സ്റ്റീവൻ ഗൻഡ്രി. ഇതിന് പിന്നിലുള്ള കാരണങ്ങളും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. തലേ ദിവസത്തെ അത്താഴവും പിറ്റേ ദിവസത്തെ പ്രാതലിനുമിടയിലുള്ള സമയം വർദ്ധിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾക്കും മൈറ്റോകോൺഡ്രിയൽ പ്രവർത്തനത്തെ മെച്ചപ്പെടുത്താനും ആയുസ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് ഗൻഡ്രിയുടെ അവകാശവാദം.
ഇത് എത്രത്തോളം വാസ്തവമെന്നാണ് സോഷ്യൽ മീഡിയ തിരക്കുന്നത്. നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഡയറ്റീഷ്യൻ പ്രതീക്ഷ കദം ഗൻഡ്രിയുടെ വാദങ്ങളെ പിന്തുണയ്ക്കുകയാണ്. കൊഴുപ്പിനെ എരിച്ച് കളയാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷ പറഞ്ഞു. ഒറ്റരാത്രികൊണ്ട് ഉപവാസ കാലയളവ് വർദ്ധിപ്പിക്കുകയും ശരീരത്തെ സംഭരിച്ച് വച്ചിരിക്കുന്ന ഊർജ്ജത്തെ ആശ്രയിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. ജീവിതശൈലി, മെറ്റബോളിസം എന്നിവ അനുസരിച്ച് ഓരോരുത്തരുടെയും പ്രഭാത ഭക്ഷണത്തിന്റെ സമയത്തിൽ മാറ്റം വരാമെന്നും അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവിലെ സിജി റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ റിങ്കി കുമാരിക്കും ഇതേ അഭിപ്രായമാണുള്ളത്. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു. സമയക്രമം ഉപാപചയ, ഹോർമോൺ പ്രതികരണങ്ങളെ ബാധിക്കുമെങ്കിലും പ്രാതലിലെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഊർജം നൽകുമെന്നും അവർ പറഞ്ഞു.
ചിലർക്ക് എട്ടിനും പത്തിനുമിടയിൽ പ്രതാൽ കഴിക്കുന്നവരാണ്. അതിൽ തെറ്റില്ലെന്നും എന്നാൽ ഇടവിട്ട് ഉപവാസത്തിലേർപ്പെടുന്നവർ 10-11 ഇടയിൽ പ്രഭാത ഭക്ഷണം കഴിക്കുന്നത് നല്ലതായിരിക്കുമെന്ന് കദം പറഞ്ഞു. ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. എന്ത് കഴിക്കുന്നുവെന്നതിലാണ് കാര്യമെന്നും അവർ കൂട്ടിച്ചേർത്തു. ധാന്യങ്ങൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ആരോഗ്യകരമായ ഏകാഗ്രതയും മാനസികാവസ്ഥയും നിലനിർത്താനും സഹായിക്കുന്നു.















