വലുപ്പത്തിന്റെ പേരിൽ കുറച്ചുകാണുന്ന ഒന്നാണ് കടുക്. കടുകുമണിയോളം വലുപ്പമെന്ന് ഇടയ്‌ക്കിടെ പറയാറുണ്ട്. എന്നാൽ ഗുണങ്ങളുടെ കാര്യത്തിൽ കടുക് നിസാരക്കാരനല്ലെന്ന് വേണം പറയാൻ. ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്‌ക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. കടുകെണ്ണ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനൊപ്പം നിറയെ ഗുണങ്ങളും കടുക് നൽകുന്നു. അവയിൽ ചിലത് ഇതാ…
- കാൻസറിന് കാരണമാകുന്ന കോശങ്ങളുടെ വളർച്ചയെ തടയുന്ന ഗ്ലൂക്കോസിനോലേറ്റുകൾ, മൈറോസിനേസ് തുടങ്ങിയ സംയുക്തങ്ങൾ കടുകിലുണ്ട്. അതിനാൽ കടുക് ഉപയോഗം അർബുദ സാധ്യത കുറയ്‌ക്കുന്നു.
- തലവേദന, മൈഗ്രേൻ എന്നിവയ്‌ക്കും കടുക് നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന വേദന ശമിപ്പിക്കുന്നു.
- ദഹന വ്യവസ്ഥയ്‌ക്കും കടുക് ഗുണം ചെയ്യുന്നു. നാരുകളാൽ സമ്പന്നമാണിത്. പതിവായി കടുക് കഴിക്കുന്നത് മലബന്ധം തടയാനും ഗുണം ചെയ്യും. കൂടാതെ ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ ആഗിരണം ചെയ്യാനും കടുക് സഹായിക്കും.
- കടുകിൽ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഹോർമോൺ ബാലൻസ് ചെയ്യാൻ സഹായിക്കും. ആർത്തവവേദന അകറ്റാനും ഫലപ്രദമാണ്.
- ഒമേഗ – 3, ഒമേഗ -6 ഫാറ്റി ആസിഡുകൾ എന്നിവ കടുകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോൾ അളവ് കൂട്ടാൻ ഇത് സഹായിക്കുന്നു. പതിവായി കടുക് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
- കാൽസ്യം, മഗ്നീഷ്യം മാംഗനീസ്, ഫോസ്‌ഫറസ്, തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളെയും പല്ലുകളെയും ബലപ്പെടുത്തുന്നു.
- ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സെലിനിയം എന്ന സംയുക്തം കടുകിൽ അടങ്ങിയിട്ടുണ്ട്. ഇച് ആസ്ത്മയ്‌ക്കും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമാണ്.
- ഇതിലെ സൾഫർ ചർമത്തിന് ആരോഗ്യം നൽകുന്നു. മുഖക്കുര, ഫംഗൽ അണുബാധ എന്നിവയിൽ നിന്ന് സംരക്ഷണമേകുന്നു. ചർമത്തിലെ ജലാംശം നിലനിർത്തുന്നു.
- വിറ്റാമിൻ എ, പ്രോട്ടീൻ എന്നിവ തലമുടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നു. കടുകെണ്ണ തേക്കുന്നത് നല്ലതാണ്.
- വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുള്ളതിനാൽ യുവത്വം നിലനിർത്താൻ സഹായിക്കുന്നു.