തൃശൂർ: കേസെടുത്ത് പക പോക്കാനൊരുങ്ങി കേരള പൊലീസ്. സിപിഐ നേതാവിന്റെ പരാതിയിൽ സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളും മോട്ടോർ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന വിമർശനം ശക്തമാണ്.
സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷ് ആണ് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,34 വകുപ്പുകൾ, മോട്ടോർ വാഹന ആക്ടിലെ 179,184,188,192 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന അഭിജിത്ത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കുന്നതിനായി രോഗികളെ മാത്രം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന ആംബുലൻസ് ഉപയോഗിക്കുകയും പൊലീസ് നിയന്ത്രണം നിലനിൽക്കേ തൃശൂർ റൗണ്ടിലൂടെ മനുഷ്യജീവന് ഹാനി വരാൻ സാധ്യതയുള്ള വിധത്തിൽ സഞ്ചരിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം നിലനിൽക്കേയാണ് രാഷ്‌ട്രീയ ലാഭം ലക്ഷ്യം വച്ചുള്ള സിപിഎമ്മിന്റെ നീക്കം.