ആരോഗ്യത്തിനേറെ ഗുണം നൽകുന്ന ഒന്നാണ് എള്ള്. എന്നാൽ അത്ര പരിഗണന നൽകാറില്ലെന്നതാണ് വാസ്തവം. ഭക്ഷണത്തിന് പുറമേ എള്ള് കുതിർത്തത് എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെറും വയറ്റിൽ കഴിക്കുന്നതാണ് മെച്ചം.
കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീൻ, ആൻ്റി ഓക്സിഡൻ്റുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് എള്ള്. കറുത്ത എള്ളും വെളുത്ത എള്ളുമുണ്ട്. എന്നാൽ കറുത്ത എള്ളാണ് ആരോഗ്യകാര്യത്തിൽ മുൻപിൽ. കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളായ ലിഗ്നാൻസും ഫൈറ്റോസ്റ്റെറോളുകളും എള്ളിൽ അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചില കാൻസറുകളുടെ സാധ്യത കുറയ്‌ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
മൂന്ന് ടേബിൾ സ്പൂൺ എള്ളിൽ 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. തലേന്ന് രാത്രി കുതിർത്തിയിട്ട് പിറ്റേന്ന രാവിലെ കഴ്‌ക്കുന്നതാണ് നല്ലത്. എല്ലിന്റെ തേയ്മാനം പോലുള്ള അവസ്ഥകളിൽ നിന്ന് മോചനം നേടാൻ കുതിർത്ത എള്ളിന് സാധിക്കും. ആസ്തമ, അലർജി തുടങ്ങിയവയ്‌ക്കും പ്രതിവിധിയാണ് കുതിർത്ത എള്ള്. കരളിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
സ്ത്രീകൾക്കുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ് എള്ള്. പിസിഒഡി പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് എള്ള് ഗുണം ചെയ്യും. ക്രമം തെറ്റിയുള്ള ആർത്തവം, ആർത്തവസമയത്തെ വയറുവേദന എന്നിവയ്‌ക്ക് പരിഹാരമാണ് ഇത്. സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്‌ക്കാൻ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കാൻ എള്ളിൽ അടങ്ങിയിട്ടുള്ള നാരുകൾക്ക് സാധിക്കും.
എള്ളിൽ ഫൈറ്റിക് ആഡിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അതേ രൂപത്തിലെത്തുന്നത് മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് തടസം സൃഷ്ടിക്കും. അതിനാൽ എള്ള് കുതിർത്ത് കഴിക്കുന്നത് ഫൈറ്റിക് ആസിഡിന്റെ അംശം കുറയ്‌ക്കാൻ സഹായിക്കും.