ജോലിയിലും വ്യക്തി ജീവിതത്തിലും പലവിധ പ്രശ്നങ്ങൾ നമ്മൾ നേരിടാറുണ്ട്. ചിലപ്പോൾ ഒരു വ്യക്തിയോടോ അല്ലെങ്കിൽ വസ്തുക്കളോടോ നമുക്ക് ദേഷ്യം തോന്നിയെന്ന് വരാം. അത്തരത്തിലുള്ള അനുഭവങ്ങൾ ജീവിതത്തിൽ സ്വാഭാവികമാണ്, എന്നാൽ ആരോടായാലും ദേഷ്യം മനസിൽ കൊണ്ടുനടക്കുന്നത് പിന്നീടൊരു പ്രതികാര മനോഭാവത്തിലേക്ക് വളർന്നേക്കാം. ഇത്തരക്കാർക്ക് പോകാൻ പറ്റിയ സ്ഥലമാണ് തായ്ലൻഡ്.
ആരെയും ദ്രോഹിക്കാതെ നിങ്ങളുടെ ദേഷ്യവും നിരാശയും ഇല്ലാതാക്കാൻ കഴിയുന്ന ഒരു സ്ഥലം തായ്ലൻഡിലുണ്ട്. ഇവിടെയുള്ള ഒരുകൂട്ടം കലാകാരന്മാർ നിങ്ങൾക്ക് ആരോടാണോ ദേഷ്യം അവരുടെ പ്രതിമ കളിമണ്ണിൽ നിർമ്മിച്ച് നൽകും. ഒരുപക്ഷെ അത് നിങ്ങളുടെ ബോസാകാം അല്ലെങ്കിൽ മുൻ കാമുകിയോ ഭാര്യയോ ആകാം. ആരായാലും അവരെപ്പോലെ തോന്നിക്കുന്ന കളിമൺ പ്രതിമ നിങ്ങൾക്ക് മുന്നിലെത്തും. ഇതിൽ നിങ്ങളുടെ ദേഷ്യം തീരും വരെ തല്ലുകയോ, അടിക്കുകയോ, ഇടിക്കുകയോ ഇഷ്ടമുള്ളത് ചെയ്യാം.
സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരുടെ കളിമൺ രൂപങ്ങളിൽ ആഞ്ഞു പ്രഹരിക്കുന്ന യുവാക്കളെ വീഡിയോയിൽ കാണാം. സമ്മർദ്ദം കുറയ്‌ക്കാനുള്ള നിരുപദ്രവകരമായ രീതി എന്ന നിലയിൽ ഇതിന് സമൂഹ മാദ്ധ്യമങ്ങളിൽ നിരവധിപേരാണ് പ്രശംസയുമായെത്തുന്നത്. എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് 37 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.
A unique form of stress relief in Thailand.pic.twitter.com/ufvsp7jsZX
— Interesting things (@awkwardgoogle) November 1, 2024