ശ്രീനഗർ: ഭീകരവാദ സംഘടനകളെ തകർത്തെറിയാൻ പൂർണ അനുവാദം നൽകി ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണം ഗൗരവമായി കാണുന്നുവെന്നും ഭീകരരെ തുടച്ചു നീക്കാൻ സുരക്ഷാ സേനയ്‌ക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ആക്രമണം ഗൗരവമുള്ളതാണ്. ഭീകരരെ പൂർണമായി തുടച്ചു നീക്കുന്നതിനും ഒളിത്താവളങ്ങൾ തകർത്തെറിയുന്നതിനും സുരക്ഷാ സേനയ്‌ക്ക് എല്ലാവിധ പിന്തുണയും അനുമതിയും നൽകിയിട്ടുണ്ട്. ജനങ്ങളെ ദ്രോഹിക്കുന്നവർ കനത്ത വില നൽകേണ്ടി വരും. ഭീകരരെ ഉന്മൂലനം ചെയ്യുന്നതിനായി പോരാടുമെന്നും മനോജ് സിൻഹ പറഞ്ഞു.
ഒരു കല്ല് പോലും അവശേഷിക്കാത്ത വിധം ഭീകരവാദ സംഘടനകളെ തകർത്തെറിയും. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജമ്മുകശ്മീരിലെ സാധാരണക്കാരെ ദ്രോഹിക്കുന്നത് നോക്കിനിൽക്കാനാവില്ല. ആക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ- തൊയ്ബയാണെന്നാണ് പ്രാഥമിക നിഗമനം. അവസാനത്തെ ഭീകരനെയും വകവരുത്താതെ സൈന്യം പിന്മാറില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.
ഞായറാഴ്ച ചന്തക്കിടെയാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പ്രദേശവാസികളായ 12 പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നത്. ഉന്തുവണ്ടിയിൽ സ്ഥാപിച്ച ഗ്രനേഡാണ് പൊട്ടിത്തെറിച്ചതെന്ന് സൈനികർ സ്ഥിരീകരിച്ചിരുന്നു.