ആലപ്പുഴ: തമിഴ്നാട്ടിൽ ഭീതിവിതച്ച കുറുവ സംഘം കേരളത്തിലെത്തിയെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് ജനങ്ങൾ ആശങ്കയിൽ. പ്രത്യേക പരിശീലനം നേടി മോഷണം തൊഴിലാക്കിയ കുറുവസംഘം, ആലപ്പുഴ മണ്ണഞ്ചേരിയിൽ എത്തിയെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കി.
രാത്രി പട്രോളിങ്ങിന് പുറമെ റസിഡൻറ്സ് അസോസിയേഷനുകളോടും ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. നാട്ടിൽ അപരിചിതരായ ആളുകളെ കണ്ടാൽ ഉടൻ വിവരം അറിയിക്കാനും പൊലീസ് നിർദ്ദേശം നൽകി.
മണ്ണാഞ്ചേരി നേതാജി ജംഗ്ഷന് സമീപം മണ്ണേത്ത് രേണുക അശോകന്റെ വീട്ടിൽ കഴിഞ്ഞ ദിവസം കുറുവ സംഘം എന്ന് സംശയിക്കുന്നവർ മോഷണത്തിന് ശ്രമിച്ചിരുന്നു. സമീപത്തെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അർദ്ധ നഗ്നരായി മുഖം മൂടി ധരിച്ച് ഇവർ മാരാകായുധങ്ങളുമായാണ് മോഷണത്തിന് എത്തുന്നത്. കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന വിധത്തിൽ തോർത്ത് തലയിൽ കെട്ടാറുമുണ്ട്. ഷർട്ടും ലുങ്കിയും അരയിൽ ചുരുട്ടിവച്ച് അതിനു മീതേ നിക്കർ ധരിക്കും. പിടികൂടിയാൽ വഴുതി രക്ഷപ്പെടാൻ ഇവർ ശരീരത്തിൽ എണ്ണയും കരിയും പുരട്ടും
സാധാരണയായി വീടിന്റെ അടുക്കള വാതിൽ തകർത്താണ് ഇത്തരം സംഘങ്ങൾ അകത്തുകയറുന്നത്. തടുക്കാൻ ശ്രമിക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതും ഇവരുടെ രീതിയാണ്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം പ്രത്യേക കത്രിക ഉപയോഗിച്ചാണ് ഇവർ അറുത്തെടുക്കുന്നത്. ആറ് മാസം വരെ വീടുകളെ നിരീക്ഷിച്ച ശേഷമാണ് ഇവർ മോഷണത്തിന് എത്തുന്നതെന്നും പറയപ്പെടുന്നു.