ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ഇൻഡി സഖ്യത്തിന്റെ ഭാഗത്ത് നിന്നും നിരന്തരമുണ്ടാകുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അവരുടെ പ്രതികരണം.
” എൻഡിഎയുടെ വനിതാ സ്ഥാനാർത്ഥികൾ അവരുടെ ആശയങ്ങൾ നടപ്പിലാക്കുന്നതിനും അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോഴും ഇൻഡി സഖ്യം അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഇൻഡി സഖ്യം കണക്കാക്കുന്നില്ല. ഇതിനുപകരം എൻഡിഎയുടെ വനിതാ സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.”- സ്മൃതി ഇറാനി പറഞ്ഞു.
ഇൻഡി സഖ്യത്തിന്റെ ഭരണത്തിൽ എന്തു മാറ്റമാണ് ജനങ്ങൾക്ക് കാണാൻ സാധിച്ചിതെന്നും സ്മൃതി ഇറാനി ചോദിച്ചു. ഇൻഡി സഖ്യത്തിന്റെ ഭരണം എന്തെന്ന് ജനങ്ങൾ അറിയാം. സ്ത്രീകളെ അധിക്ഷേപിക്കുന്ന. സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകാത്ത ഇൻഡി സഖ്യത്തെ അവർ പിന്തുണയ്‌ക്കില്ല. വരുന്ന ഝാർഖണ്ഡ്, മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പുകളിൽ ഇൻഡി മുന്നണി പരാജയപ്പെടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
ഒരു വശത്ത് ഇൻഡി സഖ്യം സ്ത്രീകൾക്കെതിരായ പരാമർശങ്ങൾ നടത്തുമ്പോൾ മറുവശത്ത് എൻഡിഎ സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന്റെ വിധിയെഴുതുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.