പാലക്കാട്: രാത്രിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ഹോട്ടലിൽ നിന്നുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല, ആരോപണ വിധേയനായ KSU പ്രവർത്തകൻ ഫെനി നൈനാൻ എന്നിവർ ദൃശ്യങ്ങളിലുണ്ട്. നീല ട്രോളി ബാഗുമായി ഫെനി പോകുന്നത് വീഡിയോയിൽ കാണാം. ഇതിൽ കള്ളപ്പണമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
നീല ട്രോളി ബാഗുമായി ഫെനി ഹോട്ടലിലേക്ക് കയറി കോൺഗ്രസ് നേതാക്കളുടെ മുറിയിലേക്ക് പോകുന്നതും പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. രാഹുലും ഷാഫിയും വികെ ശ്രീകണ്ഠനും വരാന്തയിൽ നിൽക്കുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രാത്രി 10.11 മുതൽ 11.30 വരെയുള്ള ദൃശ്യങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്.
എന്നാൽ ട്രോളി ബാഗിൽ കള്ളപ്പണമല്ല, വസ്ത്രങ്ങളായിരുന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി.