ടെൽ അവീവ്: ഇസ്രായേലിൽ ലെബനൻ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ വ്യോമാക്രമണം. രാജ്യത്തിന്റെ വടക്കൻ നഗരമായ ഹൈഫയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.90 ലധികം മിസൈലുകൾ ഇവിടേക്ക് വർഷിച്ചതായി ഹിസ്ബുള്ള അവകാശപ്പെടുന്നു. ആക്രമണത്തിൽ ഒരുകുട്ടിയടക്കം 4 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഹിസ്ബുള്ള റോക്കറ്റുകളിൽ പകുതിയും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനമായ അയൺ ഡോം തടഞ്ഞുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിലത് ഹൈഫയിലെ ജനവാസ മേഖലകളിൽ പതിച്ചു. മിസൈലാക്രമണത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി റോക്കറ്റുകൾ കാർമിയൽ പ്രദേശത്തും സമീപ നഗരങ്ങളിലും പതിച്ചതായും റിപ്പോർട്ടുകളുണ്ട്.
വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, അടുത്തിടെയുണ്ടായ ആക്രമണത്തിന് ഹിസ്ബുള്ള ഉപയോഗിച്ച റോക്കറ്റ് ലോഞ്ചർ ഡ്രോൺ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ഹിസ്ബുള്ളയ്‌ക്ക് നേരെയുണ്ടായ പേജർ, വോക്കി-ടോക്കി ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഭീകരസംഘടന ഇസ്രയേലിനെതിരായ റോക്കറ്റ് ആക്രമണം നടത്തിയിരിക്കുന്നത്.