ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 10 ഭീകരർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ജിരിബാമിലാണ് ഏറ്റുമുട്ടലുണ്ടായത്. സെൻട്രൽ റിസർവ് പൊലീസും സിവിൽ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ വെടിയേറ്റ് ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ സിആർപിഎഫ് ജവാനെ അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജിരിബാമിന്റെ വിവിധ ഇടങ്ങളിലായി ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. സേനയെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പത്ത് ഭീകരരുടെ മൃതദേഹങ്ങൾ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. പ്രദേശത്ത് കൂടുതൽ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഭീകരരെ തുരത്താനുള്ള ഓപ്പറേഷൻ തുടരുകയാണ്. അസം റൈഫിൾസ്, സിആർപിഎഫ്, സിവിൽ പൊലീസ് എന്നിവരടങ്ങുന്ന സേന വിഭാഗങ്ങളും ഓപ്പറേഷന്റെ ഭാഗമാകും.